Headlines

‘നാറ്റ്കോ കമ്പനിയുമായി ഒരു ചർച്ചയും നടന്നിട്ടില്ല; SMA വിഷയത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നു’: മന്ത്രി കെ മുരളീധരൻ

കോഴിക്കോട്: സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞുങ്ങൾക്ക് പുതിയ മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മരുന്ന് കമ്പനിയായി നാറ്റ്കോയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിൽ വിശദീകരണവുമായി മന്ത്രി കെ മുരളീധരൻ. നാറ്റ്കോ കമ്പനിയുമായി ഒരു കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും പല ആളുകളുമായും ഓഫീസിൽ കൂടിക്കാഴ്ച നടത്തും അത് സ്വാഭാവികമാണെന്നും മന്ത്രി ന്യായീകരിച്ചു. പല സംസ്ഥാനങ്ങളിലും ഇതേ മരുന്ന് നൽകിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും അറിയാൻ താൻ ഡോക്ടറല്ലെന്നും മന്ത്രി പറഞ്ഞു.

തന്നെ കാണാൻ പലരും ഓഫീസിൽ വന്നിട്ടുണ്ടാകും, എന്നാൽ അതും തീരുമാനവുമായി യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. പലരും രേഖകൾ നൽകാറുണ്ട്, അവരുടെ ഉല്പന്നങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാൽ വിദഗ്ദരുമായി ചർച്ച ചെയ്യാതെ ആരോഗ്യ വകുപ്പ് ഒരു തീരുമാനവും എടുക്കാറില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യമന്ത്രി കെ മുരളീധരനും മരുന്നുകമ്പനിയായ നാറ്റ്കോ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

സിഎസ്ആർ സഹായവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. അതേസമയം തൃശൂർ പൂരം കലക്കൽ വിവാദത്തിലെ റിപ്പോർട്ട് സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. എം ആർ അജിത് കുമാറിനെ ആര് വിചാരിച്ചാലും രക്ഷിക്കാനാകില്ലെന്നും എല്ലാത്തിന്റെയും ഉൾകളി തനിക്കറിയാമെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ട് ചർച്ച ചെയ്തിട്ടില്ലെന്നും ചർച്ച ചെയ്ത ശേഷം തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.