Headlines

ഞങ്ങള്‍ പറഞ്ഞ ഓരോ കാര്യവും അംഗീകരിക്കുന്നത് പോലെയല്ലേ സുപ്രീംകോടതി നിരീക്ഷണങ്ങള്‍? അധികാരം പരിധി വിടരുതെന്നാണ് ഇ ഡിയെക്കുറിച്ച് പറഞ്ഞത്: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ആവേശകരമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് വന്നിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനം കോടതി സ്വീകരിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് സിപിഐഎം പറഞ്ഞുകൊണ്ടിരുന്ന ഓരോ കാര്യവും അംഗീകരിക്കുന്നത് പോലെയല്ലേ ഇന്ന് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. അധികാരം പരിധി വിടരുതെന്നാണ് കോടതി ഇഡിയോട് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (mv govindan on supreme court judgement in masappadi case)

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിയ്ക്ക് പിന്നാലെയാണ് എം വി ഗോവിന്ദന്റെ പ്രതികരണം. എഫ്‌ഐആറിടാന്‍ പറഞ്ഞ സിംഗിള്‍ ബെഞ്ച് തീരുമാനവും പിണറായി വിജയന്റെ ഹര്‍ജി അനുവദിക്കാത്ത ഡിവിഷന്‍ ബെഞ്ച് തീരുമാനവും വിമര്‍ശിക്കപ്പെട്ടതായി എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിനെതിരേയും വിമര്‍ശനമെന്ന് പറയാനാകുന്ന പരാമര്‍ശങ്ങള്‍ കോടതിയില്‍ നിന്നുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ വേട്ടയാടാനാണ് ഈ കേസ് കെട്ടിച്ചമച്ചതെന്ന നിലപാട് പണ്ടും സിപിഐഎം പറഞ്ഞിട്ടുള്ളതാണ്. ഈ നീക്കങ്ങളെ തുടര്‍ന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിന് തയ്യാറായപ്പോള്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നത്. പിന്നീട് ഡിവിഷന്‍ ബെഞ്ചിലേക്ക് പിണറായി വിജയന്‍ എത്തിയെങ്കിലും അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. പിന്നീടാണ് പിണറായി വിജയനും റിയാസും ഉള്‍പ്പെടെ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായി വിജയന് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനുള്ളില്‍ മുറുമുറുപ്പ് ഉയരുകയും പരസ്യപ്രതികരണങ്ങള്‍ വരികയും ചെയ്തതിന് പിന്നാലെയാണ് പ്രാഥമിക അന്വേഷണം നടത്തണമായിരുന്നുവെന്ന് സുപ്രീംകോടതിയും നിരീക്ഷിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ അനുമതിയില്ലെന്നാണ് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.

എന്തുകൊണ്ട് ഹൈക്കോടതി അപ്പീല്‍ പരിഗണിച്ചില്ലെന്ന സുപ്രീംകോടതിയുടെ ചോദ്യം തന്നെയാണ് പിണറായി വിജയന്‍ നിയമപോരാട്ടം നടത്താനുള്ള കാരണവും. സുപ്രീംകോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ സിപിഐഎമ്മിന് രാഷ്ട്രീയമായും ആശ്വാസമേകുന്നതാണ്. വെള്ളിയാഴ്ച ഹാജരാകണമെന്നാണ് ഇ ഡി പിണറായി വിജയനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇ ഡി രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന സിപിഐഎമ്മിന്റെ വാദത്തിന് ഇപ്പോള്‍ സുപ്രീംകോടതിയുടെ ഇടപെടലോടെ കൂടുതല്‍ ബലമായിരിക്കുകയാണ്. ഇന്നത്തെ സുപ്രീംകോടതി തീരുമാനത്തെ അടിസ്ഥാനമാക്കിക്കൊണ്ട് വെള്ളിയാഴ്ച ഹാജരാകണോ എന്ന് തീരുമാനിക്കുമെന്നായിരുന്നു പിണറായി വിജയന്‍ മുമ്പ് അറിയിച്ചിരുന്നത്.