കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച കുട്ടികൾക്കെതിരെ വിവാദ പരാമർശം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ പരാതി. സിപിഐ ആലുവ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഷിഹാബ് പറേലിയാണ് നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകിയത്. മരിച്ച കുട്ടികളെയും കുടുംബത്തെയും അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തി എന്നാണ് പരാതി. ശശികലയുടെ പരാമർശം മതസ്പർദ്ധ വളർത്തുന്നതിന് ഇടയാക്കി. ശശികലക്കെതിരെയും സമൂഹമാധ്യമങ്ങളിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ കമന്റുകൾ ചെയ്തവർക്കെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
കെ പി ശശികല തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രസിദ്ധീകരിച്ച രണ്ട് പോസ്റ്റുകളിലെ പരാമർശങ്ങൾക്കെതിരെയാണ് ഈ പരാതി. പോസ്റ്റുകളിൽ രാത്രി വൈകിയുള്ള ചായകുടി, രാത്രി സഞ്ചാരം, ജീവിതരീതി തുടങ്ങിയ കാര്യങ്ങൾ അപകടത്തിൽ മരിച്ച യുവതീ യുവാക്കളുമായി ബന്ധപ്പെടുത്തി വായിക്കപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. രാത്രി വൈകിയുള്ള ചായകുടിയാണ് അപകടത്തിന് കാരണമെന്ന് നേരിട്ട് പറയുന്നില്ലെങ്കിലും, പരാമർശങ്ങളുടെ പശ്ചാത്തലവും അവതരണരീതിയും മരണപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ച് അപകീർത്തി കരമായ ധാരണകൾ സൃഷ്ടിക്കുന്നതാണ്. പെൺമക്കളുടെ മാതാപിതാക്കളോട് മാപ്പുപറയുന്നതുമായി ബന്ധപ്പെട്ട പരാമർശവും മരണപ്പെട്ട കുട്ടികളെയും അവരുടെ കുടുംബങ്ങളെയും അപമാനിക്കുന്നതും ആണ്.
അതേസമയം, മിനി കൂപ്പർ അപകടത്തിൽ സുഹൈൽ സജീവ് ഉൾപ്പെടെ ഉള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് അഞ്ച് വരെയാണ് കസ്റ്റഡി കാലാവധി. അപകടത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം നിയോഗിച്ചു. എറണാകുളം റൂറൽ SP-യുടെ മേൽനോട്ടത്തിലാണ് സംഘം. ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല.






