Headlines

LDF സർക്കാരുണ്ടാക്കിയ കടബാധ്യത UDFന്റെ തലയിലായി, മുൻ മന്ത്രി കൃഷ്ണൻകുട്ടിയുടെ ലേഖനം പ്രതിസന്ധിയുടെ യഥാർത്ഥ കാരണം വ്യക്തമാക്കുന്നു: സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ശ്രമം നടത്തുന്നുവെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കഴിയാവുന്നത്ര വൈദ്യുതി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു വരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയും വൈദ്യുതമന്ത്രിയും കേന്ദ്ര ഊർജ്ജമന്ത്രാലയവുമായി സംസാരിച്ചു. പ്രതിസന്ധി പരിഹരിക്കാൻ ഉള്ള പരിശ്രമങ്ങൾ തുടരുകയാണ്. സർക്കാർ വിജയിക്കും.

മുൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി എഴുതിയ ലേഖനം പ്രതിസന്ധിയുടെ യഥാർത്ഥ കാരണം വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. 4500 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിച്ചിരുന്നു എന്നാണ് ലേഖനത്തിൽ പറയുന്നത്. കേരളം വൈദ്യുതോല്പാദനത്തിന് ജലപദ്ധതികളാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ 10 കൊല്ലം കൊണ്ട് ജലവൈദ്യുത പദ്ധതിയിൽ ആകെ ഉണ്ടായ ഉത്പാദന വർദ്ധനവ് 150 മെഗാ വാട്ടാണ്. ദേശീയ തലത്തിൽ തന്നെ വൈദ്യുതി പ്രതിസന്ധിയുണ്ട്.

ഇടുക്കി പദ്ധതി പ്രദേശത്ത് മാത്രം 47 ശതമാനം മഴ കുറവുണ്ട്. കേരളത്തിൽ ആകെ 28 ശതമാനം മഴ കുറഞ്ഞു. ഇടുക്കിയിൽ മാത്രം 41 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഉപയോഗം കൂടുകയും ഉൽപാദനം കുറയുകയും ചെയ്താൽ നമ്മൾ എന്ത് ചെയ്യണം. കേരളം കഴിഞ്ഞവർഷം സ്വയം വൈദ്യുതി ഉല്പാദിപ്പിച്ചത് 15 ശതമാനത്തിൽ താഴെ മാത്രം. ഭൂതത്താൻകെട്ട് പത്തുവർഷമായിട്ടും തുടങ്ങിയിട്ടില്ല. മണിയാർ പ്രവർത്തനക്ഷമമല്ല.

മൂഴിയാറിൽ LDF ചൈനീസ് കമ്പനിക്ക് കരാർ നൽകി. ഉൽപ്പാദനം 10% മാത്രമാണ് കൂടിയത്. കഴിഞ്ഞ സർക്കാറിൻറെ കാലത്ത് പലതവണ കെഎസ്ഇബി കത്ത് നൽകി. സർക്കാരിന് മനസ്സിലാക്കാൻ മലയാളത്തിലും കത്ത് നൽകി. ദീർഘകാല കരാർ റദ്ദാക്കി. അതിനുശേഷം നാല് രൂപ 28 പൈസ കുറവുള്ള ഏതെങ്കിലും ഒരു കരാറിൽ കഴിഞ്ഞ സർക്കാർ ഒപ്പിട്ടോ. എൽഡിഎഫ് സർക്കാരുണ്ടാക്കിയ കടബാധ്യത യുഡിഎഫിന്റെ തലയിലായി.എല്ലാം പരിഹരിച്ച് മുന്നോട്ടു പോകാനുള്ള പരിശ്രമങ്ങൾ സർക്കാർ നടത്തുന്നു. എല്ലാവരുമായും ചർച്ചകൾ നടക്കുന്നുവെന്നും മന്ത്രി നിയമസഭയിൽ മറുപടി നൽകി.