ടെഹ്‌റാന്‍: സൗദിയും ഹൂതികളും തമ്മിലുള്ള സംഭാഷണം സുഗമമാക്കാന്‍ സഹായിക്കാമെന്ന് ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദുമായി നടത്തിയ സംഭാഷണത്തിലാണ് വാഗ്ദാനം. സംഘര്‍ഷം രൂക്ഷമാകുന്നത് ഇസ്രായേലിന് മാത്രമേ ഗുണം ചെയ്യൂ എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. (Iran offers to mediate between Saudi Arabia and Houthis)
തിങ്കളാഴ്ച നടന്ന പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായാണ് അരഗ്ചി ഇത്തരമൊരു വാഗ്ദാനം മുന്നോട്ട് വച്ചിരിക്കുന്നതായി പ്രഖ്യാപിച്ചത്. ഗള്‍ഫ് മേഖലയില്‍ നടക്കുന്ന കാര്യങ്ങളെ ഇറാന്‍ അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. രണ്ട് ഇസ്ലാം രാഷ്ട്രങ്ങള്‍ക്കിടയില്‍ ശത്രുത വളരാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല. സൗദികളും ഹൂതികളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ മധ്യസ്ഥത വഹിക്കും. സൈനിക സമീപനത്തിന് നിര്‍ബന്ധം പിടിക്കുകയും രാഷ്ട്രീയ പരിഹാരത്തെ അവഗണിക്കുകയും ചെയ്യുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഹൂതികള്‍ വളരെ മോശമായി പെരുമാറുന്നുവെന്നും അത് നല്ലതല്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹൂതികളുടെ കാര്യത്തില്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിനാണ് ട്രംപിന്റെ മറുപടി. ഹൂതികള്‍ക്കെതിരെ സൗദിക്കൊപ്പം ചേരുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നുവെങ്കിലും തീരുമാനമെടുത്തിട്ടില്ല. അതേസമയം ഹോര്‍മുസ് കടലിടുക്കിലെ വിദേശ ശക്തികളുടെ ഇടപെടലുകള്‍ക്കെതിരെ ഐആര്‍ജിസി മേധാവി രംഗത്തെത്തി. ഹോര്‍മുസ് കടലിടുക്കില്‍ ഇടപെടാന്‍ മേഖലയ്ക്ക് പുറത്തുള്ള ശക്തികള്‍ക്ക് അവകാശമില്ലെന്ന് ഐആര്‍ജിസി മേധാവി അഹമ്മദ് വാഹിദി പ്രതികരിച്ചു.









