Headlines

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്

എറണാകുളം: നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍, മദ്യപിച്ച് കാറോടിച്ച സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്. പ്രതിയെ എക്‌സൈസ് ചോദ്യം ചെയ്യും. മദ്യം വാങ്ങാനുള്ള പ്രായം 23 ആയിരിക്കെ, പത്തൊമ്പതുകാരനായ സുഹൈല്‍ മദ്യം ഉപയോഗിച്ചതാണ് കേസെടുക്കാന്‍ കാരണം. (Nedumbassery accident)

മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെയും കേസ് എടുത്തിരുന്നു. സുഹൈല്‍ മദ്യപിച്ച മൂന്ന് ബാറുകള്‍ക്കെതിരെ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, എക്‌സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടില്‍ ബാര്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടിയടക്കം ഉണ്ടായേക്കും.

150 കിലോമീറ്റലധികം വേഗത്തിലാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് പ്രതി സുഹൈലിന്റെ മൊഴി. അപകട സമയത്ത് കാറില്‍ ഉണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഹൈലിനെയും സുഹൃത്ത് നിനവിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അപകട സമയത്ത് കാറില്‍ ഉണ്ടായിരുന്ന നിനവിന്റെ സുഹൃത്തുക്കള്‍ ആലപ്പുഴ സ്വദേശികളായ അമീറിനെയും ജോയലിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതിന് പ്രേരണ നല്‍കിയതാണ് ബാക്കി മൂന്നുപേര്‍ക്കും എതിരെയുള്ള കുറ്റം. അപകട ശേഷം അമീറും ജോയലും മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു. അമീര്‍ ഒഴികെ ബാക്കി മൂന്നുപേരും മദ്യപിച്ചിരുന്നു എന്നും പൊലീസ് പറയുന്നു.

എറണാകുളം നഗരത്തിലെ രണ്ട് ബാറുകളില്‍ നിന്നും നെടുമ്പാശേരിയിലെ ഒരു ബാറില്‍ നിന്നുമായി ശനിയാഴ്ച ഉച്ചമുതല്‍ സുഹൈല്‍ മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ അമിത വേഗത്തിലായിരുന്നു മൂന്ന് നിരപരാധികളുടെ ജീവന്‍ എടുത്ത അപകടം.