Headlines

‘സി വി വര്‍ഗീസ് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധം തുടരുന്നു’; സിപിഐഎം ഇടുക്കി വിപുലീകൃത ജില്ലാ കമ്മറ്റിയോഗത്തില്‍ ഗുരുതര ആരോപണം

ഇടുക്കി: സിപിഐഎം ഇടുക്കി വിപുലീകൃത ജില്ലാ കമ്മറ്റിയോഗത്തില്‍ നേതൃത്വത്തിന് വിമര്‍ശനം. ഉടുമ്പന്‍ചോലയില്‍ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും എംഎം മണിക്ക് പകരം കെ കെ ജയചന്ദ്രന്‍ മത്സരിച്ച് ജില്ലയിലാകെ തിരിച്ചടിയായെന്നുമാണ് വിമര്‍ശനം. ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധം തുടരുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി. ജില്ലാ നേതൃത്വത്തിന്റെ താത്പര്യം മറികടന്നാണ് സ്ഥാനാര്‍ഥി നിര്‍ണയം നടന്നതെന്നും വിമര്‍ശനം ഉയര്‍ന്നു. (criticism against cv varghese in cpim idukki extended committee meeting)

ദേവികുളത്തെ പരാജയത്തില്‍ എ രാജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. എംഎല്‍എ എന്ന നിലയില്‍ അദ്ദേഹം സമ്പൂര്‍ണ പരാജയമായിരുന്നു. ഉറച്ച സീറ്റായ ദേവികുളത്ത് പാര്‍ട്ടി തോറ്റത് എ രാജയുടെ പിടിപ്പുകേട് ഒന്നുകൊണ്ട് മാത്രമാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.ജില്ലാ നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്. ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധം തുടരുന്നുവെന്ന അതീവ ഗുരുതര ആരോപണം നേതാക്കള്‍ ഉയര്‍ത്തി. സിപിഎം ഇടുക്കി ജില്ലാഘടകത്തില്‍ പുനസംഘടന വരാനാണ് സാധ്യത. ഇടുക്കി ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്ന് പി എസ് രാജനെ ഒഴിവാക്കിയേക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. ജില്ലാ കമ്മിറ്റിയില്‍ രണ്ട് പുതുമുഖങ്ങള്‍ വരും. നാല് പുതിയ ഏരിയ സെക്രട്ടറിമാര്‍ പ്രത്യേക ക്ഷണിതാക്കളാകുമെന്നും സൂചനയുണ്ട്.