ഭാര്യാസഹോദരനെ ആക്രമിച്ച കേസ്: യൂട്യൂബർ അനുരാഗ് ഡോഭാൽ ഉൾപ്പെടെ നാലുപേർ പിടിയിൽ

ഡെറാഡൂൺ ∙ ഹരിദ്വാർ ബൈപാസ് റോഡിന് സമീപമുണ്ടായ തർക്കത്തെത്തുടർന്ന് ഭാര്യാസഹോദരനെ ആക്രമിച്ച കേസിൽ യൂട്യൂബർ അനുരാഗ് ഡോഭാലും മൂന്നുപേരും അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ഹരിദ്വാർ ബൈപാസ് റോഡിലെ നെക്സ ഷോറൂമിന് സമീപം ചില യുവാക്കൾ തമ്മിൽ വഴക്കുണ്ടാകുന്നതിനെക്കുറിച്ച് രാത്രി 10 മണിയോടെയാണ് കൺട്രോൾ റൂം വഴി വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.‘സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം, അനുരാഗ് ഡോഭാലും കൂട്ടാളികളും ഭാര്യാസഹോദരനായ രാജ് സിങ് ചൗഹാനെ ആക്രമിക്കുന്നതാണ് കണ്ടത്. സ്ഥിതി വഷളാകുന്നത് തടയാൻ പൊലീസ് ഇരുവിഭാഗങ്ങളെയും ബൈപാസ് പൊലീസ് ഔട്ട്‌പോസ്റ്റിലേക്ക് മാറ്റി’ – സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് പ്രമേന്ദ്ര ഡോഭാൽ പറഞ്ഞു.‘ഔട്ട്‌പോസ്റ്റിൽ വച്ച് നടന്ന ചർച്ചകൾക്കിടെ, സമാധാനം പാലിക്കാൻ ആവശ്യപ്പെട്ടിട്ടും ഡോഭാൽ, അഭിഷേക്, അഭയ് ചൗധരി, കുർബാൻ എന്നിവർ വീണ്ടും ചൗഹാനെ ആക്രമിക്കാൻ ശ്രമിച്ചു. നാലുപേരും പ്രകോപിതരാവുകയും വീണ്ടും വഴക്കുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതോടെ സ്ഥലത്ത് ആൾക്കൂട്ടം തടിച്ചുകൂടി. ക്രമസമാധാനം നിലനിർത്തുന്നതിനായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ഔട്ട്‌പോസ്റ്റിലേക്ക് വിളിച്ചുവരുത്തി. ബിഎൻഎസ്എസ് സെക്ഷൻ 170 പ്രകാരം നാലുപേരെയും അറസ്റ്റ് ചെയ്തു’ – പ്രമേന്ദ്ര ഡോഭാൽ കൂട്ടിച്ചേർത്തു. ആക്രമണത്തിൽ പരുക്കേറ്റ ചൗഹാനെ മെഡിക്കൽ പരിശോധനയ്ക്കായി ഡൂൺ ആശുപത്രിയിലേക്ക് മാറ്റി.‘ചൗഹാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡോഭാലിനും മറ്റു മൂന്നുപേർക്കുമെതിരെ നെഹ്‌റു കോളനി പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ ഞങ്ങളുടെ അന്വേഷണം പുരോഗമിക്കുകയാണ്’ – പ്രമേന്ദ്ര ഡോഭാൽ പറഞ്ഞു.