പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ എൻ സുരേഷ്ബാബുവിനെതിരെ കൂടുതൽ നടപടിയ്ക്ക് സാധ്യത. കടുത്ത അച്ചടക്കനടപടി വേണമെന്ന ആവശ്യം പാർട്ടിയിൽ ഉയരുന്നുണ്ട്. സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ച പരാതികൾ ഗൗരവപൂർവ്വം പരിഗണിച്ച് അന്വേഷിക്കും. നിലവിൽ ജില്ലാ സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതി അംഗവുമായി സുരേഷ് ബാബു തുടരുന്നുണ്ട്. മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുരേഷ് ബാബുവിനെ മാറ്റിയിരുന്നത്. എന്നാൽ തന്റെ ആവശ്യപ്രകാരമാണ് മാറ്റിയതെന്നായിരുന്നു ഇ എൻ സുരേഷ്ബാബുവിന്റെ പ്രതികരണം.
വിപുലീകൃത യോഗത്തിൽ സംസ്ഥാനത്തെ ആദ്യ തിരുത്തൽ നടപടിയാണ് പാലക്കാട് നിന്നുണ്ടായത്. അഞ്ചു വർഷത്തോളം പാലക്കാട്ടെ സിപിഐഎമ്മിനെ നയിച്ച ഇ.എൻ. സുരേഷ് ബാബു, വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം പൂർത്തിയാകുമ്പോഴേക്കും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായി. മോശമായി പെരുമാറിയെന്ന വനിതാ അഭിഭാഷകയുടെ പരാതി ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സംഘടനാ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് സുരേഷ് ബാബുവിനെ മാറ്റിയത്. പകരം വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞതെന്നാണ് ഇ.എൻ. സുരേഷ് ബാബുവിന്റെ വിശദീകരണം.
നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ജില്ലയിലെ വിഭാഗീയതയും വിമത നീക്കങ്ങളും പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന വിമർശനം ശക്തമായിരുന്നു. ജില്ലാ നേതൃത്വത്തിനെതിരെ കഴിഞ്ഞ കുറച്ചുകാലമായി പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ശക്തമായിരുന്നു. മുൻ എംഎൽഎ പി.കെ. ശശിയടക്കമുള്ള നേതാക്കളും കൊഴിഞ്ഞാമ്പാറയിലെ പാർട്ടി പ്രവർത്തകരും സുരേഷ് ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു.
മുൻ മന്ത്രി എം.ബി. രാജേഷ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തിയത് പാലക്കാട്ടെ സംഘടനാ സമവാക്യങ്ങളിലും മാറ്റത്തിന് വഴിയൊരുക്കിയെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. പാലക്കാട്ടെ പാർട്ടിയുടെ പ്രവർത്തനങ്ങളുമായി അടുത്ത ബന്ധമുള്ള എം.ബി. രാജേഷിന്റെ സംസ്ഥാന നേതൃത്വത്തിലെ കൂടുതൽ സജീവമായ ഇടപെടലിനൊപ്പം ജില്ലാ നേതൃത്വത്തിലും മാറ്റം വേണമെന്ന ആവശ്യം ശക്തമായതായാണ് സൂചന.









