ചവറ (കൊല്ലം)∙ സൗദിയിൽ ഭർത്താവിന്റെ ക്രൂരമർദനത്തിനിരയായി ശരീരമാകെ ഗുരുതര പരുക്കേറ്റ നിലയിൽ നാട്ടിലെത്തിയ നവവധു ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. സ്ത്രീധനം ആവശ്യപ്പെട്ടും സൗന്ദര്യം കുറഞ്ഞെന്ന് ആരോപിച്ചും മർദിച്ചെന്നാണു പരാതി. സംഭവത്തിൽ ഗാർഹികപീഡനം ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. നീണ്ടകര പരിമണം മണ്ണാത്തറ അനഘ മന്ദിരം അഞ്ജു(24)വിനാണു മർദനമേറ്റത്.
ഭർത്താവ് നീണ്ടകര മുണ്ടകത്തിൽ വീട്ടിൽ നന്ദു ദിനേശ്, മാതാപിതാക്കളായ ദിനേശ്, ജഗദമ്മ എന്നിവർക്കെതിരെയാണു കേസ്. നന്ദു ഇപ്പോൾ സൗദിയിലാണ്. ജൂലൈ 27നായിരുന്നു വിവാഹം. ആഴ്ചകൾക്കുള്ളിൽത്തന്നെ ഭർത്താവും വീട്ടുകാരും മാനസിക പീഡനം തുടങ്ങിയതായി അഞ്ജു മൊഴി നൽകി. ഒരുമാസത്തിനു ശേഷം നന്ദു സൗദിയിലേക്കു പോയെങ്കിലും ഫോണിലൂടെ അസഭ്യം പറഞ്ഞതോടെ അഞ്ജു സ്വന്തം വീട്ടിലേക്കു മടങ്ങി. പിന്നീട് അനുനയിപ്പിച്ചാണു കഴിഞ്ഞ മാസം 4നു നന്ദു സൗദിയിലേക്കു കൂട്ടിക്കൊണ്ടുപോയത്. ഫ്ലാറ്റിൽ പൂട്ടിയിട്ടശേഷം കുക്കർ, ഇടികല്ല്, ചൂൽ, മോപ്, ബെൽറ്റ്, ലാപ്ടോപ് ചാർജർ തുടങ്ങിയവ ഉപയോഗിച്ചാണു മർദിച്ചതെന്നും മൊഴിയിലുണ്ട്. അഞ്ജുവിന്റെ ശരീരമാകെ മർദനമേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ട്. സെപ്റ്റംബർ 30നു നാട്ടിലേക്കു തിരികെവിടുകയായിരുന്നു. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി ബിന്ദു കൃഷ്ണയും ബന്ധുക്കൾക്ക് ഉറപ്പു നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.
∙ നടുക്കുന്ന ക്രൂരത
അഞ്ജു അനുഭവം വിവരിക്കുന്നു: ‘ഫ്ലാറ്റിൽ ഭർത്താവും ഞാനും മാത്രമായിരുന്നു താമസം. കുക്കറും മറ്റും ഉപയോഗിച്ചു തല്ലി. കത്തി കാണിച്ചു ഭീഷണിപ്പെടുത്തി. കൊലപ്പെടുത്തുമെന്നും പറഞ്ഞു. മോശക്കാരിയാണെന്ന തരത്തിൽ ഓഡിയോ നിർബന്ധിച്ചു റിക്കോർഡ് ചെയ്യിച്ചു വീട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചു. വിവാഹത്തിനു മുൻപും ശേഷവും മറ്റു പലരുമായി ബന്ധമുണ്ടായിട്ടുണ്ടെന്നും അതിന്റെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും എന്നെക്കൊണ്ടു പറയിച്ചു. ജോലിക്കു പോകുമ്പോൾ മുറിയിൽ പൂട്ടിയിട്ടാണു പോകുന്നത്.
ഡേറ്റ അനലിറ്റിക്സിൽ പിജി കഴിഞ്ഞശേഷമായിരുന്നു വിവാഹം. പിതാവ് മത്സ്യത്തൊഴിലാളിയാണ്. വിവാഹത്തിനു മുൻപു സംസാരിക്കുമ്പോഴും സംശയത്തോടെയാണു പെരുമാറിയത്. അന്നതു കാര്യമാക്കിയിരുന്നില്ല. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ പ്രശ്നം രൂക്ഷമായി. ഫോൺ നമ്പർ മാറ്റി പുതിയത് എടുപ്പിച്ചു. സുഹൃത്തുക്കളോടു സംസാരിക്കുന്നതു വിലക്കി. സമൂഹമാധ്യമ അക്കൗണ്ട് കാണിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നീടു ക്രൂരമർദനമായിരുന്നെന്നും അഞ്ജു പറയുന്നു.








