തലമുറകളുടെ അമ്മ എന്ന് ആരെയെങ്കിലും വിളിക്കാമെങ്കിൽ അതിന് ഏറ്റവും അനുയോജ്യയാണ് ഈ തൊണ്ണൂറ്റിരണ്ടുകാരി; ഡോ. സൂരി ശ്രീമതി. ആറ് പതിറ്റാണ്ടിലേറെയായി തുടരുന്ന വൈദ്യജീവിതത്തിൽ ആയിരക്കണക്കിനു കുട്ടികളെ ഭൂമിയിലേക്കു സ്വീകരിക്കാനായതിന്റെ നിറവുണ്ട് അവരുടെ ജീവിതത്തിന്. ഹൈദരാബാദിലെ നാല് ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ഡോ. ശ്രീമതി വൈകുന്നേരങ്ങളിൽ പദ്മറാവുനഗറിലെ സ്വന്തം ക്ലിനിക്കിലും രോഗികളെ കാണുന്നുണ്ട്. അവിവാഹിതയാണ് ഡോക്ടർ. അതിനു കാരണമായി ഒരിക്കൽ അവർ പറഞ്ഞത്, താൻ വിവാഹവും കുടുംബജീവിതവും മനപ്പൂർവം വേണ്ടെന്നുവച്ചതല്ല, പക്ഷേ, തന്റെ തൊഴിൽജീവിതത്തോട് ചേർന്നുനിൽക്കാൻ തയാറുള്ള ഒരു പങ്കാളിയെ കണ്ടെത്താനായില്ല എന്നാണ്. തന്റെ പ്രഫഷനോടുള്ള ഇഷ്ടം കൃത്യമായി മനസ്സിലാക്കാത്ത ഒരാളെ വിവാഹം കഴിച്ചാൽ തനിക്കു കരിയർ തുടരാനാവില്ലെന്നും അതിനാൽ വിവാഹം കഴിക്കുന്നില്ലെന്നും തീരുമാനിക്കുകയായിരുന്നു. ശ്രീമതിയുടെ കൈകളിലൂടെ ജനിച്ചുവീണ മൂന്നു തലമുറയിലെ കുട്ടികൾ ഇന്നും അവരെ കാണാനെത്തുന്നു. അതിലും വലിയ ആനന്ദമെന്തെന്ന് ശ്രീമതി.
ഡോക്ടറാക്കിയത് സഹോദരങ്ങളുടെ വേദന
ആന്ധ്രാപ്രദേശിലെ ഏലൂരിലാണ് ശ്രീമതി ജനിച്ചത്; 1934 ൽ. ഹൈദരാബാദിലെ അവസാനത്തെ നിസാമായിരുന്ന മിർ ഉസ്മാൻ അലി ഖാന്റെ കാലത്ത് റെയിൽവേ എൻജിനീയറായിരുന്നു പിതാവ് എസ്.ആർ. ദീക്ഷിതുലു. പിൽക്കാലത്ത് അദ്ദേഹം ആന്ധ്രയിലെ പേരെടുത്ത യോഗ പ്രചാരകനുമായി. അമ്മ ജ്യോതിഷ്മതി. പഠിക്കണമെന്നു താൽപര്യമുണ്ടായിരുന്നെങ്കിലും അക്കാലത്തെ സാമൂഹിക സാഹചര്യങ്ങൾ മൂലം അതിനു കഴിയാതിരുന്ന ജ്യോതിഷ്മതിക്ക് മക്കളെ പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഏഴു മക്കളായിരുന്നു അവർക്ക്. അതിൽ മൂത്ത കുട്ടിയായിരുന്നു ശ്രീമതി. പഠിക്കാൻ മിടുക്കി. സ്കോളർഷിപ് വാങ്ങിയാണ് അവൾ പഠിച്ചത്. കുട്ടിക്കാലത്തൊരിക്കൽ ശ്രീമതിയുടെ ഒരു സഹോദരനും സഹോദരിയും വസൂരി ബാധിച്ച് ഗുരുതരാവസ്ഥയിലായി. അന്ന് അവരെ രക്ഷിച്ചത് ഡോക്ടർമാരാണ്. അതോടെ ഡോക്ടറാകണമെന്ന ആഗ്രഹം ശ്രീമതിയിൽ ജനിച്ചു. പിന്നീട് അതിനുവേണ്ടിയായി ശ്രമം.1958 ൽ ഒസ്മാനിയ മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു. അന്ന് സ്ത്രീകൾ വൈദ്യശാസ്ത്രം പഠിക്കുന്നതും മൃതദേഹ പരിശോധന നടത്തുന്നതുമൊക്കെ മോശം കാര്യമായി സമൂഹത്തിലെ ചില വിഭാഗങ്ങൾ കണക്കാക്കിയിരുന്നു. ശ്രീമതി എംബിബിഎസിനു ചേർന്നതോടെ കുടുംബത്തിന് സാമൂഹിക ഒറ്റപ്പെടൽ പോലും നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ അച്ഛനുമമ്മയും നൽകിയ പിന്തുണ അവൾക്കു കരുത്തായി. പക്ഷേ ഏഴു മക്കളുടെ പഠനച്ചെലവു കണ്ടെത്താൻ അച്ഛനുമമ്മയും പാടുപെട്ടു. ശ്രീമതിക്കു സ്കോളർഷിപ്പുണ്ടായിരുന്നു; പ്രതിമാസം 15 രൂപ. പക്ഷേ അതു മതിയാവുമായിരുന്നില്ല. ആകാശവാണിക്കുവേണ്ടി റേഡിയോ നാടകങ്ങൾ അവതരിപ്പിച്ചു പണം കണ്ടെത്തിയാണ് അവൾ പഠനം പൂർത്തിയാക്കിയത്. 1958 ൽ മെഡിസിൻ പഠനം പൂർത്തിയാക്കി. 1965 ഒക്ടോബറിൽ ഒസ്മാനിയ സർവകലാശാലയിൽ നിന്ന് ഒബ്സ്ടെട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ എംഡിയും നേടി.
ഭയം മാറ്റിയ ശസ്ത്രക്രിയ
എംബിബിഎസ് പഠനം കഴിഞ്ഞ് സംഗറെഡ്ഡിയിലെ സർക്കാർ ആശുപത്രിയിൽ ശ്രീമതി ജോലി ചെയ്യുന്ന കാലം. 1959 ലാണത്. പതിനാലു വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടിയെ അവശനിലയിൽ ആശുപത്രിയിലെത്തിച്ചു. പെൺകുട്ടി എട്ടു മാസം ഗർഭിണി. അടിയന്തരമായി സിസേറിയൻ വേണം. ആശുപത്രിയിലെ സൗകര്യങ്ങൾ പരിമിതം. മറ്റു ഡോക്ടർമാരുമില്ല. വളരെ ദൂരെയുള്ള ആശുപത്രിയിലേക്കു കൊണ്ടുപോകാവുന്ന അവസ്ഥയല്ല. ശ്രീമതി തന്നെ ആ കുട്ടിയുടെ പ്രസവമെടുത്തു. അനസ്തീസിയ മുതൽ പ്രസവ ശസ്ത്രക്രിയ വരെ തനിച്ചു ചെയ്യേണ്ടിവന്നു. ആദ്യം ഭയന്നുപോയെങ്കിലും ആ അനുഭവമാണ് തന്റെ പിൽക്കാല ജീവിതത്തെയും കരിയറിനെയും സ്വാധീനിച്ചതെന്ന് ഡോക്ടർ പിന്നീടു പറഞ്ഞിട്ടുണ്ട്.ശ്രീമതിയുടെ കയ്യിലേക്കു ജനിച്ചുവീണ കുഞ്ഞുങ്ങൾ പിൽക്കാലത്ത് അവരുടെ മക്കളുടെയും കൊച്ചുമക്കളുടെയും പ്രസവത്തിന് ശ്രീമതിയുടെ അടുത്തുതന്നെ എത്തുന്ന സംഭവം പലവട്ടമുണ്ടായിട്ടുണ്ട്. അതാണ് ഈ ജോലിയുടെ ഏറ്റവും അവിസ്മരണീയ നിമിഷങ്ങളെന്ന് ഡോക്ടർ പറയുന്നു.
ആന്ധ്രയിലെ വിവിധ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ശ്രീമതി ജോലി ചെയ്തിട്ടുണ്ട്. എംബിബിഎസ് വിദ്യാർഥികൾക്ക് അധ്യാപിക എന്ന നിലയിലും സേവനം ചെയ്തു. വിരമിച്ച ശേഷം വിവിധ സ്വകാര്യ ആശുപത്രികളിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിച്ചു. അപ്പോഴും ദിവസവും വൈകുന്നേരം സ്വന്തം ക്ലിനിക്കിൽ അവർ ചികിൽസ തുടർന്നു. പ്രദേശത്തെ ഗർഭിണികൾക്ക് ചികിത്സയ്ക്കായി ദൂരെയൊന്നും പോകേണ്ടി വരരുതെന്ന ചിന്ത മൂലമായിരുന്നു അത്.
വിരമിക്കാത്ത ഡോക്ടർ!
ചികിൽസ എന്നതു തന്റെ ജോലിയല്ല, നിയോഗമാണെന്നും അതാണു തന്റെ ഊർജമെന്നുമാണ് ഡോ. ശ്രീമതി വിശ്വസിക്കുന്നത്. പുലർച്ചെ 5.30ന് എഴുന്നേറ്റ് യോഗ. അത് അച്ഛനിൽനിന്നു കിട്ടിയ ശീലമാണ്. പിന്നെ ആശുപത്രികളിലേക്ക്. രോഗികളെ കാണലും പരിശോധനയും ശസ്ത്രക്രിയകളും. വൈകിട്ട് വീട്ടിലെ ക്ലിനിക്കിൽ രോഗികളെ കാണും. കാർ സ്വയം ഡ്രൈവ് ചെയ്താണ് പല യാത്രകളും. എത്രയോ കുഞ്ഞുങ്ങളുടെ ആദ്യത്തെ കരച്ചിലും ചിരിയും കണ്ട, അവരെ ലോകത്തേക്കു സ്വീകരിച്ച ആ കൈകൾക്ക് ഇന്നും വിശ്രമമില്ല. കാരണം അതൊരു അമ്മയുടെ കൈകളാണ്; തലമുറകളുടെ അമ്മയുടെ.








