തിരുവനന്തപുരം: പുതിയ ക്യാബിനറ്റ് പദവി നിയമനങ്ങളില്‍ രണ്ട് മന്ത്രിമാര്‍ക്ക് എതിര്‍പ്പ്. മന്ത്രിമാരായ എ പി അനില്‍കുമാര്‍, മോന്‍സ് ജോസഫ് എന്നിവരാണ് എതിര്‍പ്പ് അറിയിച്ചത്. പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എ.പി അനില്‍ കുമാറിന്റെ എതിര്‍പ്പ്. പി.ജെ. ജോസഫിന് പരിഗണന ലഭിക്കാത്തത് മോന്‍സ് ജോസഫും ഉന്നയിച്ചു.
മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവായ ഡോ. എം കെ മുനീറിനും ഫോര്‍വേഡ് ബ്ലോക്ക് നേതാവായ ജി ദേവരാജനും ക്യാബിനറ്റ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം മന്ത്രിസഭാ യോഗം ചര്‍ച്ചയ്‌ക്കെടുത്തപ്പോഴാണ് രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ എതിര്‍പ്പ് ഉന്നയിച്ചത്. ആര്‍ക്കെങ്കിലും ക്യാബിനറ്റ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട എതിര്‍പ്പല്ല അവര്‍ ഉന്നയിച്ചത്. മറിച്ച് ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് ധാരണയായിട്ടുണ്ടോ എന്ന ചോദ്യമാണ് എപി അനില്‍ കുമാര്‍ ഉന്നയിച്ചത്. എന്നാല്‍, ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിര്‍ദ്ദേശം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി കര്‍ശന നിലപാട് എടുത്തു. ഇതോടെയാണ് തീരുമാനം അംഗീകരിച്ചത്. ഇതിനു പിന്നാലെയാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ച് തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നടക്കം വിമര്‍ശിച്ചത്.
അതേസമയം, മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകപക്ഷീയ തീരുമാനങ്ങളില്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിക്കാന്‍ ഉറച്ചിരിക്കുകയാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അതൃപ്തി പരസ്യമാക്കി ജെ ബി മേത്തര്‍ എംപിയും രംഗത്തെത്തി. അടൂര്‍ പ്രകാശ് പറഞ്ഞ കാര്യങ്ങള്‍ ചെറുതല്ലെന്നും പ്രശ്‌നങ്ങള്‍ കെപിസിസി എക്‌സിക്യൂട്ടീവില്‍ ഉന്നയിക്കുമെന്നും ജെബി മേത്തര്‍ ട്വന്റിഫോറിനോട് പറഞ്ഞു.







