യുഎസുമായുള്ള സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ച സ്വന്തം തീരുമാനം ഇറാനെ തിരിഞ്ഞുകുത്തി. ഇറാന് പുറമേ യുഎഇയും സൗദി അറേബ്യയുമടക്കം ഗൾഫ് രാജ്യങ്ങൾ ലോക വിപണിയിലേക്ക് ക്രൂഡോയിലും എൽപിജിയും എൽഎൻജിയും മറ്റും വലിയതോതിൽ കയറ്റിഅയച്ചിരുന്ന രാജ്യാന്തര കപ്പൽപ്പാതയായിരുന്നു ഇത്. ഹോർമുസ് കടലിടുക്ക് അടച്ച ഇറാനെ സമ്മർദത്തിലാക്കാനായി മേഖലയിൽ അമേരിക്കൻ സൈന്യവും കപ്പൽ ഉപരോധം തുടങ്ങിയതാണ് ഇറാനെ വെട്ടിലാക്കിയത്. ഇറാനിലേക്കും ഇറാനിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും പോകുന്ന കപ്പലുകളെ മാത്രമാണ് അമേരിക്കൻ സൈന്യം തടയുന്നത്.
ഫലത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ യാത്ര ഏറക്കുറെ നിലച്ചു. ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി ഇതോടെ പൂർണമായും സ്തംഭിച്ചു. സൗദിയും യുഎഇയും മറ്റ് ഗൾഫ് രാജ്യങ്ങളും ഹോർമുസിനെ ഒഴിവാക്കി മറ്റുവഴികളിലൂടെ കയറ്റുമതി ഊർജിതമാക്കിയാണ് നേട്ടമുണ്ടാക്കുന്നത്. കണക്കുകൾ ഇങ്ങനെ:
സൗദി അറേബ്യ
∙ പശ്ചിമേഷ്യയിൽ നിന്നുള്ള മൊത്തം എണ്ണ കയറ്റുമതിയുടെ 40 ശതമാനവും ഇപ്പോൾ ഹോർമുസിനെ ഒഴിവാക്കിയാണ് ലോക വിപണിയിലെത്തുന്നത്. ഇറാൻ-യുഎസ് യുദ്ധം ആരംഭിക്കുംമുൻപ് ഹോർമുസ് ഒഴിവാക്കിയുള്ള കയറ്റുമതി 17% മാത്രമായിരുന്നുവെന്ന് വിപണി ഗവേഷകരായ കെപ്ലറിന്റെ കണക്ക് വ്യക്തമാക്കുന്നു.
∙ ഹോർമുസിൽ ഇറാന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണെന്നും പശ്ചിമേഷ്യയിൽ നിന്ന് ബദൽ വഴികളിലൂടെ ഉൾപ്പെടെ എണ്ണകയറ്റുമതി വർധിച്ചെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
∙ കെപ്ലറിന്റെ കണക്കുപ്രകാരം സെപ്റ്റംബറിൽ പശ്ചിമേഷ്യൻ എണ്ണകയറ്റുമതി പ്രതിദിനം ശരാശരി 1.65 കോടി ബാരലാണ്. സെപ്റ്റംബറിന്റെ അവസാന ആഴ്ച ഇത് 1.95 കോടിയായി വർധിച്ചു. യുദ്ധത്തിന് മുൻപ് പ്രതിദിനം 1.7 കോടിയായിരുന്നു ശരാശരി.
∙ ലോകവിപണിയിലേക്ക് 31 ശതമാനം എണ്ണയും 20% എൽഎൻജിയും ഒഴുകുന്ന പാതയായിരുന്നു ഹോർമുസ് കടലിടുക്ക്. സംസ്കരിച്ച എണ്ണയുടെ ഇതുവഴിയുള്ള നീക്കം യുദ്ധത്തിന് മുൻപ് പ്രതിദിനം 36 ലക്ഷം ബാരലായിരുന്നു. ഇപ്പോൾ വെറും 6.77 ലക്ഷം.






