നാഷ്‌വിൽ ∙ യുഎസിലെ ടെന്നീസിയിൽ വധശിക്ഷ നടപ്പാക്കാനായി വിഷം കുത്തിവച്ച വനിതാ തടവുകാരി ക്രിസ്റ്റ പൈക്ക് (50) അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കാനായി രണ്ടു തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും ക്രിസ്റ്റ പൈക്ക് മരണത്തെ അതിജീവിച്ചിരുന്നു. വധശിക്ഷ നടപ്പിലാക്കാനായി വിഷം കുത്തിവച്ചിട്ടും മരിക്കാതിരുന്നതോടെ സംഭവം വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാന എല്ലാ വധശിക്ഷകളും ഗവർണർ താൽക്കാലികമായി നിർത്തിവച്ചു.
അവർ ഇപ്പോൾ ജീവനോടെയുണ്ടെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ആരോഗ്യനിലയെ പറ്റി കൂടുതലൊന്നും അറിയില്ലെന്ന് ക്രിസ്റ്റയുടെ അഭിഭാഷകൻ റാൻഡി സ്പൈവി പ്രതികരിച്ചു. വധശിക്ഷയ്ക്കിടെ നടന്ന സംഭവങ്ങളെ കുറിച്ചും അഭിഭാഷകൻ പ്രതികരിച്ചു. ‘‘കഴിഞ്ഞ ദിവസം രാത്രി വധശിക്ഷ നടപ്പാക്കാനായി ഒരു മണിക്കൂറോളം നേരമാണ് ഐവി ലൈൻ കയ്യിൽ പിടിപ്പിക്കാൻ ശ്രമിച്ചത്. അവരുടെ ഇടത് കയ്യിൽ മാത്രം ഏഴോളം സൂചികൾ കുത്തി. അതിൽ ഒരെണ്ണം വളഞ്ഞുപോയിരുന്നു. മരുന്ന് നൽകിയ ശേഷവും മിനിറ്റുകളോളം ക്രിസ്റ്റ ശ്വാസമെടുക്കുന്നുണ്ടായിരുന്നു. പിന്നാലെ അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ക്രിസ്റ്റയുടെ ശിക്ഷ ഇളവു ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തുമെന്ന് ടെന്നസി ഗവർണർ ബിൽ ലീ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ സംസ്ഥാനത്തെ വധശിക്ഷകൾ നടപ്പാക്കുന്നത് നിർത്തിക്കൊണ്ട് ഉത്തരവും പുറപ്പെടുവിച്ചു.
അമേരിക്കയിലെ ടെന്നസിയിൽ പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ടാണ് വധശിക്ഷ നടപ്പാക്കുന്നതിനിടെ അത്യപൂർവസംഭവമുണ്ടായത്. നാഷ്‍വില്ലിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനിലാണ് അൻപതുകാരി ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. പെന്റോബാർബിറ്റലിന്റെ ആദ്യ ഡോസ് നൽകിയിട്ടും ജീവൻ നഷ്ടമായില്ല. അതോടെ രണ്ടാമത്തെ ഡോസ് നൽകി. ബോധം നഷ്ടപ്പെട്ടെങ്കിലും ശ്വാസമെടുക്കുകയും കൂർക്കംവലിക്കുകയും ചെയ്യുന്ന ശബ്ദംകേട്ടു. ഇതോടെ അധികൃതർ കോടതിയെ സമീപിച്ച് വധശിക്ഷാനടപടികൾ നിർത്തിവച്ച് അടിയന്തര വൈദ്യസഹായംനൽകി ആശുപത്രിയിലേക്ക് മാറ്റി. 1995 ജനുവരി 12 ന്, തന്റെ തന്റെ 18 ാം വയസ്സിൽ, സഹപാഠിയായ കോളിൻ സ്ലെമ്മറിനെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് കോടതി വധശിക്ഷ വിധിച്ചത്. തന്റെ 17 വയസ്സുകാരനായ കാമുകൻ ടാഡാരിൽ ഷിപ്പിനെ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ക്രിസ്റ്റ പൈക്കും കാമുകനും ചേര്‍ന്ന് കോളിൻ സ്ലെമ്മറിനെ വിജനമായ പ്രദേശത്തേക്കു വിളിച്ചുവരുത്തി, ബോക്സ് കട്ടറും പാറക്കഷണവും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 200 വർഷത്തിനിടയിൽ ടെന്നീസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ സ്ത്രീയാണ് ക്രിസ്റ്റ. യുഎസ് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചത്.






