Headlines

മന്ത്രി ഒ. ജെ. ജനീഷിനെതിരായ ഡിവൈഎഫ്ഐ ആക്രമണശ്രമം അപലപനീയം: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: കണ്ണൂരിൽ വച്ച് സംസ്ഥാന കായിക-യുവജനകാര്യ മന്ത്രി ഒ. ജെ. ജനീഷിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണശ്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തി മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രിയുടെ വാഹനത്തിന് കേടുപാടുകൾ വരുത്തുകയും വാഹനത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ദേശീയപതാക നശിപ്പിക്കുകയും ചെയ്ത സംഭവം അതീവ ഗൗരവമുള്ളതാണ്. അഞ്ചിടങ്ങളിൽ വച്ച് മന്ത്രിയുടെ വാഹനത്തെ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതായുള്ള വിവരം കൂടുതൽ ഗൗരവത്തോടെ കാണേണ്ടതുണ്ട് മന്ത്രി പറഞ്ഞു.

ജനാധിപത്യപരമായി അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ മന്ത്രിക്കെതിരെ ഇത്തരത്തിൽ സംഘടിതമായി ആക്രമണശ്രമം നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യപരമായ മാർഗങ്ങളിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്. ദേശീയപതാകയോട് അനാദരവ് പ്രകടിപ്പിക്കുന്ന തരത്തിലുള്ള നടപടികളും ജനാധിപത്യ കേരളത്തിന് നിരക്കുന്നതല്ല.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ സംസ്ഥാന സർക്കാർ കർശനനടപടി സ്വീകരിക്കും. മന്ത്രിമാർക്ക് നേരെ നിരന്തരം ആക്രമണ ശ്രമങ്ങൾ നടത്തി നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ഉള്ള നീക്കത്തിൽ നിന്നും അണികളെ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കണം എന്ന് മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.