ഇടുക്കി: മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിൽ കയ്യാങ്കളി. ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂറിനെ തടഞ്ഞുവച്ച് ഒരു വിഭാഗം പ്രവർത്തകർ. തൊടുപുഴ നഗരസഭയിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. നഗരസഭ അധ്യക്ഷയ്ക്കെതിരെ ആരോപണം ഉന്നയിച്ച സഫിയ ജബ്ബാറിനെ സസ്പെൻഡ് ചെയ്യാൻ സംസ്ഥാന നേതൃത്വത്തിന് ശിപാർശ നൽകിയെന്ന് ജില്ല പ്രസിഡന്റ് അറിയിച്ചു.
നഗരസഭ കൗൺസിലിൽ അധ്യക്ഷയ്ക്കെതിരെ ലീഗ് കൗൺസിലർ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം ഉന്നയിച്ച സഫിയ ജബ്ബാർ തെളിവ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബഹളം തുടങ്ങിയത്. സഫിയ ജബ്ബാറിനെതിരെ നടപടി സ്വീകരിച്ച ശേഷം മാത്രമേ ജില്ലാ പ്രസിഡന്റിനെ പുറത്തുവിടുമെന്ന് ഒരു വിഭാഗം നേതാക്കളും കൗൺസിലർമാരും തീരുമാനമെടുത്തു. യോഗത്തിൽ അസഭ്യ വർഷവുമുണ്ടായി. പിന്നാലെ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.







