കൊല്ലം∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ സുരക്ഷാവീഴ്ചയില്ലെന്ന് പൊലീസ്. ഒരു സെക്കൻഡ് പോലും അമിത് ഷായുടെ വാഹനവ്യൂഹം തടസ്സപ്പെട്ടില്ലെന്നും ജാമർ വാഹനം വരുന്നതിന് മുൻപാണ് പ്രതിഷേധക്കാർ എത്തിയതെന്നും പൊലീസ് പറഞ്ഞു. ഒരു വാഹനത്തിനുള്ളിലിരുന്നവർ പെട്ടെന്ന് ചാടി ഇറങ്ങുകയായിരുന്നു. കരിങ്കൊടി കാണിക്കാൻ ശ്രമിച്ചെങ്കിലും വാഹനവ്യൂഹം എത്തുന്നതിന് മുൻപ് തന്നെ പ്രതിഷേധക്കാരെ മാറ്റി. അമിത് ഷാ പ്രതിഷേധക്കാരെ കണ്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ബിജെപി നൽകിയ പരാതിയിലെ ആരോപണങ്ങൾ നിഷേധിച്ചാണ് പൊലീസിന്റെ വിശദീകരണം. അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന പരാതിയുമായാണ് ബിജെപി രംഗത്തെത്തിയത്. ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ ബി.ബി.ഗോപകുമാർ ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമായിരുന്നു ആവശ്യം.26ന് ഉച്ചയ്ക്കാണ് ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങി വാഹനവ്യൂഹത്തിൽ സഞ്ചരിക്കുകയായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നേരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി, വിവിഐപി വാഹനം കടന്നുപോയ വഴിയിൽ വെറും 50 മീറ്റർ മാത്രം അകലേക്ക് പ്രതിഷേധക്കാർക്ക് എത്താൻ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ബിജെപി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം വന്നത്.
അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് വ്യാപക കരിങ്കൊടി പ്രതിഷേധവുമായി ബിജെപിയും യുവമോർച്ചയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി വി.ഡി.സതീശൻ, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രിയങ്ക ഗാന്ധി എംപി, മറ്റ് മന്ത്രിമാർ എന്നിവർക്കെതിരെ വിവിധയിടങ്ങളിൽ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ചിരുന്നു.








