Headlines

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. മഴ കനത്തതും വൈദ്യുതി ഉപഭോഗം കുറഞ്ഞതും പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമായിരിക്കുകയാണ്. ശാശ്വത പരിഹാരം കണ്ടെത്താൻ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കവും ഊർജിതമാണ്. അതേസമയം ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സർക്കാർ.

ഈ മാസം ഇതുവരെ ഏറ്റവും കുറവ് ഉപഭോഗം രേഖപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെയെന്ന് കെഎസ്ഇബി പറയുന്നു. ഇന്നലെ പരമാവധി കൂടിയ ഉപഭോഗം 4560 മെഗാവാട്ടാണ്. 20 ദിവസത്തിനിടെ നിയന്ത്രണം ഒഴിവായ നാലാം നാളായിരുന്നു ഇന്നലെ. കേരളത്തിന് പുറത്ത് ഉൾപ്പെടെ കെഎസ്ഇബി ഉദ്യോഗസ്ഥർ ചർച്ച നടത്തിയെങ്കിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ആയിട്ടില്ല. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതിൽ വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് അനുഭവപ്പെടുകയാണ്.

ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുകയാണ്. സംസ്ഥാന സർക്കാർ പലതരത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ തേടുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.ആണവ താപനിലയങ്ങളിൽ നിന്ന് വൈദ്യുതി ലഭിക്കുന്നതിലും അനിശ്ചിതത്വം തുടരുന്നു.