അമേരിക്കയെ വിറപ്പിക്കാൻ ഇറാന് ചൈനീസ് സഹായം?; സൈനിക താവളത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ കൈമാറി

വാഷിങ്ടൻ∙ കഴിഞ്ഞ ജൂലൈയിൽ ജോർദാനിലെ യുഎസ് സൈനിക താവളത്തിൽ മൂന്ന് അമേരിക്കൻ സൈനികരുടെ മരണത്തിനിടയാക്കിയ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനു പിന്നിൽ ചൈനീസ് സ്ഥാപനങ്ങൾ നൽകിയ ഉപഗ്രഹ ചിത്രങ്ങൾക്കും വിവരങ്ങൾക്കും പങ്കുണ്ടെന്ന കണ്ടെത്തലുമായി അമേരിക്ക. രാജ്യാന്തര മാധ്യമമായ ‘ദ് വാൾ സ്ട്രീറ്റ് ജേണൽ’ ആണ് നിർണായക വിവരം പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുൻപ് പുറത്തുവന്ന കണ്ടെത്തൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കനത്ത വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്.

അതേസമയം, അമേരിക്കയുടെ കണ്ടെത്തലിനെ പൂർണമായി തള്ളിക്കളയുന്ന ചൈന, ഒരു കമ്പനിയും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കി. ഇറാനുമായി പുലർത്തുന്ന സഹകരണം പൂർണമായും രാജ്യാന്തര നിയമങ്ങൾക്ക് അനുസൃതമാണെന്നും, നിലവിലെ സംഘർഷ സാഹചര്യത്തെ ദുരുപയോഗം ചെയ്തു ചിലർ മനപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും യുഎസിലെ ചൈനീസ് എംബസി പറഞ്ഞു.

വടക്കുകിഴക്കൻ ജോർദാനിലെ മുവഫാഖ് സാൽതി എയർ ബേസിനുള്ളിലെ യുഎസ് സൈനികരുടെ വിശ്രമമുറികൾ ലക്ഷ്യമാക്കിയാണ് ജൂലൈ 17 ന് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തത്. ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും അതീവ ഗുരുതരമായി പരുക്കേറ്റ നാലുപേരെ വ്യോമമാർഗം ആശുപത്രിയിലേക്കു മാറ്റേണ്ടി വരികയും ചെയ്തു. താവളത്തിൽ നിർത്തിയിട്ടിരുന്ന ചെറുതും വലുതുമായ യുദ്ധവിമാനങ്ങളും തകർക്കപ്പെട്ടു. 24 മണിക്കൂറിനിടെ മൂന്ന് തവണയാണ് അതീവ സുരക്ഷിതമായ താവളത്തിനു നേരെ മിസൈൽ വർഷമുണ്ടായത്

കഴിഞ്ഞ മാസങ്ങളിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ചൈനയുടെ നീക്കങ്ങൾ യുദ്ധത്തിന്റെ ദിശയെ ഒട്ടും മാറ്റിമറിച്ചിട്ടില്ലെന്നാണു പറഞ്ഞത്. ഇറാന്റെ പ്രവർത്തനങ്ങളിൽ ചൈനീസ് സഹായങ്ങൾക്കു പുറമെ അവരുടെ ആഭ്യന്തര ഉപഗ്രഹങ്ങളും റഷ്യ നൽകുന്ന വിവരങ്ങളും ഉൾപ്പെടുന്നുണ്ടെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. പശ്ചിമേഷ്യയിലെ യുഎസ് നാവിക കപ്പലുകളെ നിരീക്ഷിക്കാൻ ചൈനയോ റഷ്യയോ ഇറാനെ ഇനിയും സഹായിച്ചേക്കാമെന്ന കടുത്ത ആശങ്കയിലാണ് അമേരിക്ക.