കുന്നമംഗലം ∙ കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന നിർണായക വിഷയങ്ങളിൽ ആധുനിക മാനേജ്മെന്റ് ചിന്ത, ഗവേഷണം, അനുഭവങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി സംസ്ഥാന നേതൃത്വത്തിന് കൂട്ടായ ആശയവിനിമയത്തിനും തന്ത്രപരമായ ആസൂത്രണത്തിനും വേദിയൊരുക്കുന്നതായി ഐഐഎമ്മിലെ നേതൃസംഗമം. കേരളത്തിന്റെ പുനർ സങ്കൽപം ദ്വിദിന പരിശീലനം രാവിലെ ഐഐഎമ്മിൽ മുൻ നിശ്ചയിച്ചതിൽ നിന്ന് 20 മിനിറ്റോളം വൈകിയാണ് തുടങ്ങിയത്.
കാര്യമായ ചടങ്ങുകൾ ഇല്ലാതെ തിരിതെളിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ഐഐഎം ഡയറക്ടർ പ്രഫ.ദേബാശിഷ് ചാറ്റർജി നയിച്ച നേതൃത്വ പരിശീലന ക്ലാസുകളാണ് ആദ്യം നടന്നത്. തുടർന്നു ചായയ്ക്കായി മന്ത്രിമാർ പുറത്തിറങ്ങി. അരമണിക്കൂറിനു ശേഷം രണ്ടാം സെഷൻ ആരംഭിച്ചു. ചായയുടെ ഇടവേളയിൽ പുറത്തിറങ്ങിയ മന്ത്രിമാർക്ക് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. വരാന്തയിൽ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകർ ഒഴിഞ്ഞു പോകണമെന്നും മന്ത്രിമാരുടെ ഫോട്ടോ പോലും പകർത്താൻ പാടില്ലെന്നും ഡിസിപി പദം സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നിർദേശിച്ചു.
വെള്ളിയാഴ്ച ആയതിനാൽ മന്ത്രിമാർക്ക് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ തിരക്കു കുറഞ്ഞ സിഡബ്ല്യുആർഡിഎം റോഡിലെ പള്ളിയിൽ പോകാനായിരുന്നു നിർദേശം. പിന്നീട്, പൊലീസ് കാരന്തൂർ ടൗൺ മസ്ജിദ്, ഒവുങ്ങര കാരന്തൂർ മഹല്ല് ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ പരിശോധന നടത്തി. എം.എ.റസാഖ് എംഎൽഎ ഇടപെട്ട് പാർക്കിങ് അടക്കം സൗകര്യം ഉള്ള കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ സൗകര്യം ഒരുക്കി. മന്ത്രി കെ.എം.ഷാജി ആണ് ആദ്യം പള്ളിയിലെത്തിയത്. പള്ളിയോട് ചേർന്നുള്ള മദ്രസ ഗ്രൗണ്ടിൽ ആറ് മന്ത്രിമാരുടെയും വാഹനങ്ങൾ ഒരുമിച്ച് എത്തി ജുമുഅ നമസ്കാരം പൂർത്തിയായ ശേഷം തിരിച്ചു പോയി.
മന്ത്രിമാർ ജുമാ നമസ്കാരത്തിന് ഇറങ്ങിയതോടെ 12.40ന് രണ്ടാം സെഷൻ അവസാനിപ്പിച്ചു. തുടർന്ന് ഉച്ച ഭക്ഷണ ഇടവേള. രണ്ടരയോടെ വൈകിട്ടത്തെ സെഷനുകൾ തുടങ്ങി. വ്യക്തിപരമായ ആവശ്യത്തെ തുടർന്ന് മൂന്നരയോടെ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നാട്ടിലേക്കു മടങ്ങി.
ഉച്ചയ്ക്കു ശേഷം കാലാവസ്ഥാ വ്യതിയാനം, അതിജീവനം എന്നിവയുമായി ബന്ധപ്പെട്ട് ജപ്പാനിലെ കിയോ സർവകലാശാലയുടെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്ലാസുകൾ നടന്നു. മുൻ നിശ്ചയിച്ചിരുന്ന അര മണിക്കൂർ സെഷൻ സമയം വൈകിയതോടെ വൈകിട്ടാണ് നടത്തിയത്.






