ടാറ്റ കെമിക്കൽസിനെ കെനിയയിൽ നിന്ന് പുറത്താക്കി കെനിയൻ പ്രസിഡന്റ്; തട്ടിപ്പെന്ന് പ്രതിപക്ഷം, 500 പേരുടെ പണി തെറിച്ചു

 

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ കെമിക്കൽസിന്റെ കെനിയയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ട് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ. ടാറ്റാ കെമിക്കൽസിന്റെ സാന്നിധ്യംകൊണ്ട് കെനിയയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് പ്രസിഡന്റ് പറഞ്ഞു.

 

കെനിയയിൽ ടാറ്റയുടെ പക്കലുള്ള ഖനന അവകാശങ്ങൾ പുതിയ നിക്ഷേപകർ ഏറ്റെടുക്കും. ധാതുക്കൾ സോഡാ ആഷ് ആക്കിയശേഷം ടാറ്റാ കെമിക്കൽസ് കയറ്റുമതി ചെയ്യുകയാണെന്നും അവ കെനിയൻ പ്രാദേശിക കമ്പനികൾക്ക് ലഭ്യമാക്കുന്നില്ലെന്നും റൂട്ടോ ആരോപിച്ചു. ഗ്ലാസുകളും കെമിക്കലുകളും നിർമിക്കാനാണ് സോഡാ ആഷ് പ്രധാനമായും ഉപയോഗിക്കുന്നത്.

‘‘100 വർഷത്തെ കരാറുണ്ടായിട്ടും കെനിയയ്ക്കു വേണ്ടി ടാറ്റ കെമിക്കൽസ് ഒന്നും ചെയ്തില്ല. ധാതു സമ്പന്നമാണ് കെനിയയിലെ മഗാഡി തടാകം. ടാറ്റ ഞങ്ങളുടെ ധാതുക്കൾ എടുത്ത് ഇന്ത്യയിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അയയ്ക്കുകയാണ്’’ – റൂട്ടോ പറഞ്ഞു. ‘‘ഞങ്ങളെന്താ അടിമകളാണോ? കെനിയയ്ക്കുവേണ്ടി ടാറ്റ ഒന്നും ചെയ്തില്ല. അതുകൊണ്ടാണ് ഞാനവരോട് ബാഗെല്ലാം പായ്ക്ക് ചെയ്ത് കെനിയയിൽ നിന്ന് പോയ്ക്കോളാൻ പറഞ്ഞത്’’ – റൂട്ടോ പറഞ്ഞു.

 

അതേസമയം, ടാറ്റയ്ക്കെതിരായ നടപടിയിൽ കെനിയൻ പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ സർക്കാരിനെ പിന്തുണയ്ക്കുന്ന ചില കമ്പനികൾക്ക് ഖനനാനുമതി നൽകാനാണ് റൂട്ടോ ടാറ്റയ്ക്കെതിരെ തിരിഞ്ഞത്. 500 പേരുടെ പണിയാണ് ഒറ്റയടിക്ക് തെറിച്ചത്. പരോക്ഷമായി തൊഴിലെടുക്കുന്ന ആയിരക്കണക്കിന് പേരും ഒറ്റരാത്രികൊണ്ട് പെരുവഴിയിലായെന്നും പ്രതിപക്ഷം ആരോപിച്ചു. ഖനനാനുമതി ഉള്ളവർ ഇവിടെത്തന്നെ ഗ്ലാസ് ഫാക്ടറി സ്ഥാപിക്കണമായിരുന്നെന്നും അതു ചെയ്യാത്തതിനാണ് ടാറ്റയെ പുറത്താക്കിയതെന്നുമാണ് സർക്കാരിന്റെ വിശദീകരണം.

യഥാർഥത്തിൽ ടാറ്റ കെമിക്കൽസ് 2005ലാണ് കെനിയയിൽ പ്രവർത്തനം തുടങ്ങിയത്. ബ്രണ്ണർ മോണ്ട് എന്ന കമ്പനിയെ ഏറ്റെടുത്തുകൊണ്ടായിരുന്നു അത്. 1911 മുതൽ കെനിയയിൽ പ്രവർത്തിക്കുന്ന സംരംഭമാണത്. ഇതു സൂചിപ്പിച്ചാണ് ‘100 വർഷം’ എന്ന റൂട്ടോയുടെ പ്രയോഗം. ടാറ്റ കെമിക്കൽസിന്റെ കെനിയൻ വിഭാഗമായ ടാറ്റ കെമിക്കൽസ് മഗഡി ലിമിറ്റഡിനോട് പ്രവർത്തനം നിർത്താൻ കെനിയയുടെ ഖനന മന്ത്രാലയം ഒരുമാസം മുൻപ് ആവശ്യപ്പെട്ടിരുന്നു. റോയൽറ്റി അടവിൽ വീഴ്ചവരുത്തിയതും നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു അത്.നേരത്തേ തലസ്ഥാനമായ നെയ്റോബിയിലെ വിമാനത്താവളത്തിൽ പുത്തൻ ടെർമിനൽ നിർമാണക്കരാർ അദാനി ഗ്രൂപ്പിന് നൽകാനുള്ള നീക്കവും കെനിയയിൽ വൻ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ഒടുവിൽ അദാനിയെ ഒഴിവാക്കി ചൈനീസ് കമ്പനിക്ക് കെനിയ കരാർ നൽകി.