വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യം ഇറാനിലെ ഖാര്‍ഗ് ദ്വീപ് ആക്രമിക്കുന്നതിന്റെ എഐ വിഡിയോ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലാണ് എഐ വിഡിയോ പങ്കുവച്ചത്. ഖാര്‍ഗ് ദ്വീപ് തകര്‍ക്കപ്പെടുന്നു എന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് ഖാര്‍ഗ് ദ്വീപില്‍ നിന്നാണ്. യുദ്ധം ആരംഭിച്ചതുമുതല്‍ ദ്വീപ് പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം, ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഏതൊരു സൈനിക ആക്രമണത്തിനും മറുപടി നല്‍കും. ലാറക് ദ്വീപില്‍ യുഎസ് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ജോര്‍ദാനിലെ യുഎസ് സൈനിക താവളം ആക്രമിച്ചത്. ഇറാനിലേക്ക് നടത്തിയ ആക്രമണത്തിന് ഉപയോഗിച്ചത് ജോര്‍ദാനിലെ യുഎസ് താവളങ്ങളെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.അതിനിടെ, യുഎസിന്റെ ഡ്രോണ്‍ ഐആര്‍ജിസി വെടിവച്ചിട്ടു. ഹോര്‍മുസ് കടലിടുക്കിന് മുകളിലൂടെ പറന്ന യുഎസിന്റെ എംക്യു-9 ഡ്രോണ്‍ ആണ് ഐആര്‍ജിസി തകര്‍ത്തത്. ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രതികരിച്ചു. എന്നാല്‍ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കാതിരിക്കില്ലെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും കടല്‍ മൈന്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായി. എണ്ണ ടാങ്കറിന് തീപിടിച്ചതായി ഐആര്‍ജിസി അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാതയിലാണ് ആക്രമണം നടന്നത്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചിട്ടിട്ടുണ്ടെന്നും ഇത് മറികടന്ന് പോകരുതെന്നും ഐആര്‍ജിസി വ്യക്തമാക്കി. നേരത്തെ, ഹോര്‍മുസില്‍ നിന്ന് മൈനുകള്‍ പൂര്‍ണമായും നീക്കം ചെയ്‌തെന്നാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്.
അതിനിടെ, അല്‍ മിന്‍ഹാദ് എയര്‍ ബേസില്‍ ആക്രമണമുണ്ടായെന്ന ഇറാന്റെ അവകാശവാദം യുഎഇ തള്ളി. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ എയര്‍ബേസ് ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു. സമുദ്രാതിര്‍ത്തിയില്‍ വച്ച് ഒരു ഡ്രോണ്‍ പ്രതിരോധിച്ചുവെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.









