Headlines

ഒരു വീട്, ആറുപേരുടെ മരണം, അശരീരികൾ; തീരാത്ത ദുരൂഹതയായി അമിറ്റിവില്ലിലെ കൂട്ടക്കൊല

1974 നവംബർ 13. ന്യൂയോർക്കിലെ ലോങ് ഐലൻഡിലുള്ള അമിറ്റിവില്ലെന്ന ശാന്തമായ ഗ്രാമം അശാന്തിയിലേക്കു പോകുകയായിരുന്നു. അവിടെ ഓഷ്യൻ അവന്യുവിലെ 112-ാം നമ്പർ വീട്ടിൽ ഡിഫിയോ കുടുംബമാണ് താമസിച്ചിരുന്നത്. അന്നേദിവസം ആ വീട്ടിൽ ഒരു കൂട്ടക്കൊല അരങ്ങേറി.
ഗൃഹനാഥൻ റൊണാൾഡ് ഡിഫിയോ സീനിയർ, ഭാര്യ ലൂയിസ്, മക്കളായ ഡോൺ, ആലിസൺ, മാർക്ക്, ജോൺ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. ദമ്പതികളുടെ ആദ്യമകനും 23 വയസ്സുകാരനുമായ റൊണാൾഡ് ഡിഫിയോ ജൂനിയർ മാത്രമാണ് ആ കുടുംബത്തിലേതായി പിന്നീട് ശേഷിച്ചത്.
ഒരു മാഫിയ വാടകക്കൊലയാളിയാണ് കുടുംബത്തെ ഇല്ലാതാക്കിയതെന്നു ഡിഫിയോ ജൂനിയർ ആദ്യം പൊലീസിനോടു പറഞ്ഞു. പക്ഷേ, താമസിയാതെ ആ വാദങ്ങൾ പൊളിഞ്ഞു, ആ ഭീകരസത്യം വെളിപ്പെടുകയായിരുന്നു. കൊലപാതകങ്ങൾ താനാണ് നടത്തിയതെന്ന് ഡിഫിയോ സമ്മതിച്ചു. ഓരോ കൊലപാതകത്തിനും 25 വർഷം മുതൽ ജീവപര്യന്തം തടവ് എന്ന കണക്കിൽ തുടർച്ചയായി ആറുതവണ ഡിഫിയോയെ കോടതി ശിക്ഷിച്ചു.
ഇനിയാണ് ഈ സംഭവത്തിലെ ദുരൂഹതകൾ തുടങ്ങുന്നത്. ഒരു അശരീരി ശബ്ദം തന്നോടു കുടുംബത്തെ ഇല്ലായ്മ ചെയ്യാൻ ആവശ്യപ്പെട്ടെന്നായിരുന്നു ഡിഫിയോയുടെ വാദം. പ്രോസിക്യൂട്ടർമാർ ഇതു നിഷേധിച്ചു. കുടുംബവഴക്ക്, പണം, ലഹരി ഉപയോഗം, മാനസിക പ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങളും ചർച്ച ചെയ്യപ്പെട്ടെങ്കിലും ഒന്നിനും വ്യക്തമായ തെളിവുകളില്ല.1975 ഡിസംബറിൽ ജോർജ് ലട്സ്– കാത്തി ദമ്പതിമാർ തങ്ങളുടെ മൂന്നു മക്കൾക്കൊപ്പം ഓഷ്യൻ അവന്യു വീട്ടിലേക്ക് താമസം മാറി. വെറും 28 ദിവസങ്ങൾക്കു ശേഷം, ആ വീട് പ്രേതബാധയുള്ളതാണെന്ന് ആരോപിച്ച് കുടുംബം അവിടം വിട്ടു. വിചിത്ര ഗന്ധങ്ങൾ, അജ്ഞാതമായ ദ്രാവകങ്ങൾ, അസ്വസ്ഥതയുണ്ടാക്കുന്ന ശാരീരികാനുഭവങ്ങൾ, അമാനുഷിക ശക്തികളുടെ സാന്നിധ്യം തുടങ്ങിയ അനുഭവങ്ങൾ ഉണ്ടായതായി അവർ വിവരിച്ചു.

വാദങ്ങൾ ഉൾക്കൊണ്ട് 1977ൽ ജേ ആൻസൺ ‘ദി അമിറ്റിവിൽ ഹൊറർ: എ ട്രൂ സ്റ്റോറി’ എന്ന പുസ്തകം രചിച്ചു. ഇതു വൻ വിജയമായി. 1979ൽ ‘ദി അമിറ്റിവിൽ ഹൊറർ’ എന്ന പേരിൽ സിനിമയും പുറത്തിറങ്ങി. വൻ തരംഗമാണ് ഈ പണംവാരിപ്പടം ഉണ്ടാക്കിയത്. അതോടെ അമിറ്റിവില്ലിലെ ആ വീട് യുഎസ് പൊതുബോധത്തിൽ ഉറച്ചു. പിൽക്കാലത്ത് ഇറങ്ങിയ കോൺജുറിങ് ഉൾപ്പെടെ പല സിനിമകളെയും ഈ സംഭവം സ്വാധീനിച്ചിട്ടുണ്ട്.

ഇതിലെ പ്രധാനപ്പെട്ട ചോദ്യം ഇതാണ്. ഡിഫിയോ ജൂനിയറെ കൊല ചെയ്യാൻ പ്രേരിപ്പിച്ച ആ ദുരൂഹശബ്ദങ്ങൾ സത്യമോ അതോ ഡിഫിയോയുടെ ഭാവനയോ. ആ വീട്ടിൽ പ്രേതബാധയുണ്ടായിരുന്നു എന്നു ശാസ്ത്രീയമായി തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ ഡിഫിയോയ്ക്കുണ്ടായ ചിത്തഭ്രമമാകാം ആ ശബ്ദങ്ങളെന്നു മനഃശാസ്ത്ര വിദഗ്ധർ പറയുന്നു.

പിന്നീട് അവിടെ താമസിച്ച ലട്സ് കുടുംബത്തിനുണ്ടായ അനുഭവങ്ങളും ഒരു പ്രഹേളികയായി നിൽക്കുന്നു. റൊണാൾഡ് ഡിഫിയോ ജൂനിയർ 2021ൽ തന്റെ 69-ാം വയസ്സിൽ മരിച്ചു. അതുവരെ ജയിലിലായിരുന്നു അയാളുടെ ജീവിതം. ജയിൽവാസത്തിനിടയിലും കൊലപാതകത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് ഇയാൾ നൽകിയിരുന്നത്.