Headlines

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി. അനധികൃത പണമിടപാടുകളില്‍ ടി വീണക്കെതിരെ കൃത്യമായ തെളിവുകളുണ്ട്. വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിച്ചത് ഈ കണ്ടെത്തലുകളെന്ന് ഇഡിയുടെ വിശദീകരണം. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉടനെന്നും ഇഡി വ്യക്തമാക്കി. വീണക്കെതിരെ ഇഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അസാധാരണ നടപടിയെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പിണറായി വിജയന്‍ ഉയര്‍ത്തിയത്. വീണ തന്റെ മകളായതിനാലാണ് ഈ അന്വേഷണമെല്ലാം നടക്കുന്നത്. ഇഡി വാര്‍ത്താക്കുറിപ്പിനെയും അതില്‍ തന്റെ പദവിയെകുറിച്ച് പരാമര്‍ശച്ചതിനെയും പിണറായി വിമര്‍ശിച്ചു. റിയാസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന ആക്ഷേപവും നിഷേധിച്ചു.

തനിക്കോ തന്റെ മകള്‍ക്കോ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലുമോ ഒരു തരത്തിലുമുള്ള ഹവാല ഇടപാടുകള്‍ ഇല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.
‘പണ്ടും ഞാന്‍ പറഞ്ഞിട്ടുണ്ട്, ഈ കൈകള്‍ ശുദ്ധമാണ്, ഇനിയും ശുദ്ധമായിരിക്കും. അതില്‍ കറയാക്കാമെന്ന് ആരും ധരിക്കേണ്ട’. പിണറായി പറഞ്ഞു. എല്ലാം സംശുദ്ധമായി നടക്കുന്നുവെന്ന് താന്‍ അങ്ങേയറ്റം ആത്മവിശ്വാസത്തോടെ പറയുന്നുവെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇ ഡി അന്വേഷണവുമായി വന്നപ്പോള്‍ വീണ അവരുമായി പൂര്‍ണമായി സഹകരിച്ചു. ഇനിയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനോ വിവരങ്ങള്‍ നല്‍കുന്നതിനോ തടസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.