ചെന്നൈ ∙ മുഖ്യമന്ത്രി വിജയ് നിയമസഭയെ സിനിമാ സെറ്റായി കാണുകയാണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം സഭയ്ക്കുള്ളിൽ പഞ്ച് ഡയലോഗുകൾ വിളമ്പാനാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എം.കെ. സ്റ്റാലിൻ. ഡിഎംകെയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ ഭരണകാലത്ത് ജനങ്ങൾക്കായി കൊണ്ടുവന്ന വികസന പദ്ധതികളുടെ പേരുകൾ മാറ്റുന്ന തിരക്കിലാണ് നിലവിലെ മുഖ്യമന്ത്രിയെന്ന് സ്റ്റാലിൻ ആരോപിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
‘‘ഞങ്ങൾ കൊണ്ടുവന്ന എല്ലാ പദ്ധതികളുടെയും പേരുകൾ മാറ്റുന്ന തിരക്കിലാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. അദ്ദേഹം നിയമസഭയെ ഒരു സിനിമാ സെറ്റ് പോലെയാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഡിഎംകെയെ സംബന്ധിച്ചിടത്തോളം, തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും ജനങ്ങളുടെ ദൈനംദിന ജീവിതവുമായി എപ്പോഴും ആഴത്തിൽ ബന്ധപ്പെട്ട് കിടക്കുന്നവരാണ് ഞങ്ങൾ’’ – സ്റ്റാലിൻ പറഞ്ഞു.
ജൂൺ മാസത്തിൽ നടന്ന നിയമസഭാ സമ്മേളനത്തിനിടയിൽ പ്രതിപക്ഷമായ ഡിഎംകെ സഭയിൽ നിന്നും ഇറങ്ങിപോയിരുന്നു. ഇതിനിടെ മുഖ്യമന്ത്രി വിജയ് സഭയിൽ നടത്തിയ കൈ കൊണ്ടുള്ള ആംഗ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. താൻ ഈ ആംഗ്യം കാണിക്കാൻ ഉദേശിച്ചവർ (ഡിഎംകെ അംഗങ്ങൾ) സഭ വിട്ടുപോയെങ്കിലും തനിക്ക് ഇത് ചെയ്യാൻ അനുമതിയുണ്ടോ എന്ന് വിജയ് സ്പീക്കറോട് ചോദിക്കുകയും, അനുമതി ലഭിച്ചതോടെ വശ്യമായി പുഞ്ചിരിച്ചുകൊണ്ട് ‘എല്ലാം കഴിഞ്ഞു’ എന്ന രീതിയിൽ കൈകൊണ്ട് ആംഗ്യം കാണിക്കുകയുമായിരുന്നു. ഇതാണ് ഡിഎംകെയെ ചൊടിപ്പിച്ചത്.









