Headlines

തമിഴ്നാട് എംഎൽഎമാർക്കുവേണ്ടി 34 ലക്ഷത്തിന്റെ കാർ വരെ; സെക്രട്ടേറിയറ്റിൽ ടെസ്റ്റ് ഡ്രൈവിന് വാഹനനിര !

ചെന്നൈ ∙ എംഎൽഎമാർക്കു നൽകാനുള്ള കാറുകളുടെ ടെസ്റ്റ് ഡ്രൈവ് സംഘടിപ്പിച്ച് തമിഴ്നാട് സർക്കാർ. ഓടിച്ചു നോക്കാൻ എത്തിച്ചവയിൽ 34 ലക്ഷം രൂപയുടെ കാർ വരെ ഉണ്ടെന്നാണു സൂചന. മഹീന്ദ്രയുടെ 6 എസ്‌യുവി മോഡൽ വാഹനങ്ങളാണു കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിൽ എത്തിച്ചത്. സ്കോർപിയോ, എക്സ്‌യുവി എന്നിവയുടെ വിവിധ വേരിയന്റുകൾ ഇതിലുൾപ്പെടുന്നു.
എംഎൽഎമാരുടെ അഭിപ്രായം കൂടി വിലയിരുത്തിയാണ് ഏത് വേണമെന്ന തീരുമാനത്തിലെത്തുക. സർക്കാർ വാഹനത്തിനു പുറമേ ഡ്രൈവർ, ഇന്ധനം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപയും സഹായിക്കു പ്രതിമാസം 25,000 രൂപയുമാണ് ‌എംഎൽഎമാർക്ക് ലഭിക്കുക. ആദ്യമായി ജയിച്ചുവന്ന പലർക്കും സാമ്പത്തിക പരിമിതി കാരണം സ്വന്തമായി വാഹനം സംഘടിപ്പിക്കാനോ സഹായികളെ നിയമിക്കാനോ കഴിയാത്തത് അഴിമതിക്ക് ഇടയാക്കുമോ ‌എന്ന ആശങ്കയിലാണ് സർക്കാർ കാർ നൽകാൻ തീരുമാനിച്ചത്. ടിവികെയിലെ 95 ശതമാനം എംഎൽഎമാരും പുതുമുഖങ്ങളാണ്.

കാർ നിരസിച്ച് ഡിഎംകെ

ഡിഎംകെയുടെ 59 എംഎൽഎമാർക്കും സർക്കാരിന്റെ കാർ വേണ്ടെന്നു നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചു. സർക്കാരിന് സാമ്പത്തിക ഞെരുക്കമുള്ളപ്പോൾ കാറുകൾക്കായി വൻ തുക ചെലവാക്കുന്നതു ശരിയല്ലെന്നും ഡിഎംകെ വാദിച്ചു.