Headlines

ദുബായിലെ പ്രശസ്തമായ ‘ടൊയോട്ട’ കെട്ടിടത്തിൽ’ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നു; മലയാളികളടക്കം പ്രവാസികുടുംബങ്ങൾക്ക് വേദനയോടെ പടിയിറക്കം

ദുബായ്∙ ഷെയ്ഖ് സായിദ് റോഡിലെ പ്രശസ്തമായ ‘ടൊയോട്ട’ കെട്ടിടത്തിൽ’ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ വേഗത്തിലാക്കി. ദുബായിലെ ഐക്കണിക് റസിഡൻഷ്യൽ സമുച്ചയങ്ങളിലൊന്നായ നാസർ റാഷിദ് ലൂത്ത ബിൽഡിങ് (ടൊയോട്ട ബിൽഡിങ്) 2027-ൽ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് റിയൽ എസ്റ്റേറ്റ് വിഭാഗം ഒഴിപ്പിക്കൽ നടപടികൾ ഊർജിതമാക്കിയത്.
നിലവിൽ കെട്ടിടത്തിലെ 70 ശതമാനത്തോളം താമസക്കാരും ഒഴിയുകയും വിപണിയിലെ മറ്റ് ഇടങ്ങളിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. ഇതോടെ മലയാളികളടക്കം ഒട്ടേറെ ഇന്ത്യൻ കുടുംബങ്ങൾക്ക് വേറെ താമസ സ്ഥലം കണ്ടെത്തേണ്ടിവന്നു. പലരും വർഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ്. ഈ ഒഴിയൽ അവരെ സംബന്ധിച്ചിടത്തോളം ഒട്ടേറെ ഓർമകൾ പൂക്കാലം സൃഷ്ടിക്കുന്ന താമസയിടത്തിൽ നിന്നുള്ള വേദനയോടെയുള്ള പറിച്ചുനടലാണ്.
അനധികൃതമായി മുറികൾ തിരിച്ച് (പാർട്ടിഷൻ) ആളുകളെ താമസിപ്പിച്ചതാണ് പെട്ടെന്നുള്ള ഒഴിപ്പിക്കലിലേക്ക് നയിച്ചത്. ചില ഫ്ലാറ്റുകളിൽ പതിനഞ്ചോളം ആളുകൾ വരെ തിങ്ങിപ്പാർത്തിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായും ദുബായ് മുനിസിപ്പാലിറ്റിയുടെ കർശന നിർദേശത്തെ തുടർന്നുമാണ് ഇത്തരം ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിച്ചതും താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതും. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മിനിമാർട്ടുകൾ അടക്കം അടുത്ത ദിവസങ്ങളിൽ പ്രവർത്തനം അവസാനിപ്പിക്കും.

നിയമാനുസൃതമായ വാടകക്കരാറുള്ള താമസക്കാർക്ക് 2026 ഡിസംബർ വരെ കെട്ടിടത്തിൽ തുടരാൻ അനുമതിയുണ്ട്. എന്നാൽ വലിയൊരു വിഭാഗം ആൾക്കാരും ഇതിനകം തന്നെ താമസം മാറിപ്പോയിട്ടുണ്ട്. പ്രൈം ലൊക്കേഷനിൽ കുറഞ്ഞ വാടകയ്ക്ക് താമസിക്കാൻ കഴിഞ്ഞിരുന്ന ഇടം കൈവിടുന്നതിന്റെ സങ്കടത്തിലാണ് പ്രവാസികൾ അടക്കമുള്ള താമസക്കാർ.
∙ ചരിത്രത്തിന്റെ ഭാഗമായ ഒരു ലാൻഡ്മാർക്ക്
1974-ൽ നിർമാണം പൂർത്തിയാക്കിയ 15 നിലകളുള്ള ഈ റസിഡൻഷ്യൽ സമുച്ചയം ഷെയ്ഖ് സായിദ് റോഡിലെ ആദ്യകാല നിർമിതികളിൽ ഒന്നാണ്. 1981-ൽ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച വലിയ ചുവപ്പ് ടൊയോട്ട നിയോൺ ബോർഡാണ് ഇതിന് ‘ടൊയോട്ട ബിൽഡിങ്’ എന്ന ജനപ്രിയ പേര് നൽകിയത്. നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച ഈ ചരിത്രസൗധം പൊളിച്ചുനീക്കുന്നതോടെ ദുബായിയുടെ പ്രവാസി ഓർമകളിലെ പ്രധാനപ്പെട്ടൊരു അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.