കാലടി സംസ്‌കൃത സർവകലാശാല വി സിക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ പരാതി നൽകി ഡോ. സിസ തോമസ്. ഔദ്യോഗിക വാഹനത്തിന് കേടുപാടു പറ്റി , വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിച്ചു, കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രി, ഡിജിപി, ആഭ്യന്തരമന്ത്രി തുടങ്ങിയവർക്കാണ് പരാതി നൽകിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നിർദേശപ്രകാരമാണ് സിസ തോമസ് പരാതി നൽകിയിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഗസ്റ്റ് അധ്യാപക നിയമനം ഉടനടി നടത്തുക, വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കുക തുടങ്ങി 18 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിൽ എസ്എഫ്ഐ സമരം നടത്തിയത്. 25 ദിവസമായി തുടരുന്ന സമരത്തിൻറെ ഭാഗമായി സിൻഡിക്കേറ്റ് യോഗത്തിന് എത്തിയ താത്കാലിക വി സി സിസ തോമസിനെതിരെയും വിദ്യാർഥികൾ പ്രതിഷേധം നടത്തിയിരുന്നു. അതിനിടെ എസ്എഫ്ഐ പ്രവർത്തകർ വി സിക്ക് പ്രതീകാത്മക ശവമഞ്ചം ഒരുക്കി എന്ന് വാർത്തകൾ പരന്നു. പ്രതിഷേധത്തിൽ തന്നെ കയ്യേറ്റം ചെയ്തെന്നും മുറിയിൽ പൂട്ടിയിട്ടന്നും വി സി സിസ തോമസ് വ്യക്തമാക്കിയിരുന്നു. എന്നാൽ വാർത്തകൾ നിഷേധിച്ച് വിദ്യാർഥികൾ രംഗത്തെത്തി.
വിസിക്ക് പ്രതീകാത്മക റീത്ത് വയ്ക്കുകയോ ശവമഞ്ചം ഒരുക്കുകയോ ചെയ്തിട്ടില്ല എന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. കോളജിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് നാടകം അവതരിപ്പിച്ചത് പലരും വളച്ചൊടിച്ചു. ലൈറ്റിനും സൗണ്ടിനുമാണ് റീത്ത് വെച്ചതെന്നും വിദ്യാർഥികൾ പ്രതികരിച്ചിരുന്നു.









