Headlines

‘ഒടുവിൽ ഖേദ പ്രകടനം’; സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണമെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

സ്വാതന്ത്ര്യ ദിനത്തിൽ പങ്കെടുക്കാതിരുന്ന കുട്ടികളെ പാകിസ്താനിലേക്ക് അയക്കണമെന്ന പരാമർശത്തിൽ ഖേദപ്രകടനം. ഖേദം പ്രകടിപ്പിച്ച് മാള രാജു ഡേവിസ് ഇൻറർനാഷണൽ സ്കൂളിലെ ചെയർമാൻ രംഗത്തെത്തി. തന്റെ വാക്കുകൾ ആർക്കെങ്കിലും ദുഃഖം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ വേഗം പ്രകടിപ്പിക്കുന്നതായി ചെയർമാൻ ഡോ രാജു ഡേവിസ് വ്യകത്മാക്കി.

എല്ലാവരും ഒന്നിച്ചു മുന്നോട്ട് പോകണമെന്ന് എന്നും ആഗ്രഹിക്കുന്നു. ആരെയും അധിക്ഷേപിക്കാൻ വേണ്ടി അല്ല അത്തരം ഒരു പരാമർശം നടത്തിയത് എന്നും ഡോ. രാജു ഡേവിസ് പറഞ്ഞു. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് എത്താത്ത കുട്ടികൾക്കെതിരെ ആയിരുന്നു ചെയർമാന്റെ പരാമർശം.

തൃശൂർ മാള ഇന്റർനാഷണൽ സ്കൂൾ മേധാവി ഡോ. രാജു ഡേവിസ് രക്ഷിതാക്കളുടെ വാട്സാപ് ഗ്രൂപ്പിലിട്ട വിവാദ സന്ദേശമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വിവാദമായത്. സ്വാതന്ത്ര്യദിന ചടങ്ങുകളിൽനിന്ന് വിട്ടുനിന്ന കുട്ടികൾ രാജ്യദ്രോഹികളാണെന്നും വീട്ടിലിരിക്കുന്നവർ പാകിസ്താനിലേക്ക് പോകേണ്ടവരാണെന്നുമാണ് സ്കൂൾ ഉടമയുടെ ആക്ഷേപം.

സ്വാതന്ത്ര്യദിനത്തിൽ മുഴുവൻ വിദ്യാർഥികളും നിർബന്ധമായും സ്കൂളിൽ ഹാജരാകണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വിവിധ വ്യക്തിപരമായ കാരണങ്ങളാൽ ചടങ്ങിനെത്താൻ കഴിയാത്ത കുട്ടികളെയാണ് സ്കൂൾ മേധാവി പരസ്യമായി അധിക്ഷേപിച്ചത്. മാത്രമല്ല, ഇത്തരത്തിൽ വിട്ടുനിന്ന കുട്ടികളെ ക്ലാസിൽ കയറ്റില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയുണ്ടായി. രക്ഷിതാക്കൾക്കിടയിൽ കടുത്ത അമർഷം പുകയുന്നതിനിടയിലാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചുകൊണ്ട് വിശദീകരണവുമായി സ്കൂൾ ഉടമ വീണ്ടും രംഗത്തെത്തിയത്.

“സ്കൂളിൽ വരാത്തവർ പാകിസ്താനിലേക്ക് പോകണമെന്നാണ് ഞാൻ പറഞ്ഞത്. അറബ് രാജ്യങ്ങളിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്നല്ല. പാകിസ്താൻ ഇന്ത്യയുടെ ശത്രുരാജ്യമാണ്. എന്റെ രാജ്യസ്നേഹവും മതനിരപേക്ഷതയും എന്നെ ആരും പഠിപ്പിക്കേണ്ടതില്ല,” എന്നായിരുന്നു ഇയാളുടെ രണ്ടാമത്തെ സന്ദേശം. സ്കൂളിൽ ഹാജരാകാത്തതിന്റെ പേരിൽ കൊച്ചുകുട്ടികളെയും അവരുടെ കുടുംബങ്ങളെയും രാജ്യദ്രോഹികളായി മുദ്രകുത്തുന്ന ഇത്തരം നടപടികൾക്കെതിരെ രക്ഷിതാക്കളും പൊതുസമൂഹവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്തെങ്കിലും കാരണവശാൽ ഒരു ദിവസം സ്കൂളിൽ എത്തിച്ചേരാത്ത കുട്ടികൾ എങ്ങനെയാണ് രാജ്യസ്നേഹമില്ലാത്തവരായി മാറുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര ഇടപെടലും കർശന നടപടിയും ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.