Headlines

വന്ദേമാതരം വിവാദ പരാമർശം: ‘മോഹനൻ കുന്നുമ്മൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം’; KSU

കേരളാ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ നടത്തിയ വന്ദേമാതരം വിവാദ പരാമർശത്തിൽ പ്രതിഷേധം വ്യാപകം. മോഹനൻ കുന്നുമ്മൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കെ എസ് യു. ഇല്ലെങ്കിൽ തെരുവിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് കെ എസ് യുവിന്റെ മുന്നറിയിപ്പ്. അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത് എന്നായിരുന്നു തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ ഡോക്ടർ മോഹനൻ കുന്നുമ്മലിന്റെ പരാമർശം.

നാളെ സർവകകലാശാലയിലേക്ക് എസ്എഫ്ഐ പ്രതിഷേധമാർച്ച് നടത്തും. പരാമർശം തരംതാണതെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ ജിആർ അനിൽ രംഗത്തെത്തി. അമ്മയെ അറിയുന്നവർ എല്ലാം വന്ദേമാതരം പാടുമെന്നും അല്ലാത്തവർ പാടില്ലെന്നുമായിരുന്നു മോഹൻ കുന്നുമ്മലിന്റെ പരാമർശം പറയുന്നു.
മണിവിളയിൽ സംഘടിപ്പിച്ച സങ്കൽപ് 2026 യുവ സംഗമം എന്ന പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ പങ്കെടുത്തത്. ഭാരതത്തെ സംബന്ധിച്ചിടത്തോളം അമ്മയാണ് ഭാരതം, അതുകൊണ്ടാണ് നമ്മൾ ഭാരതാംബ എന്ന് പറയുന്നത്. ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്. അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്. എന്നാൽ അമ്മ ആരെന്നറിയുന്നവർ എപ്പോഴും വന്ദേമാതരം എന്ന് തന്നെ പറയും. അങ്ങനെയാണ് പറയേണ്ടതെന്ന് മോഹനൻ കുന്നുമ്മൽ പറഞ്ഞു.