കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ നിയമവശം പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ്. വിഷയത്തിൽ അഞ്ച് പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ദേശീയഗാനത്തെ അപമാനിച്ച ബിജെപി കൗൺസിലർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫും, യൂത്ത് കോൺഗ്രസും, ഡിവൈഎഫ്ഐയും പൊലീസിനെ സമീപിച്ചിരുന്നു. വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ബിജെപി കൗൺസിലർമാരും സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
മേയർ ദേശീയഗാനം പാടിയപ്പോൾ ബിജെപി കൗൺസിലേഴ്സാണ് വന്ദേമാതരം ആലപിക്കുകയായിരുന്നു. നേരത്തെ വന്ദേമാതരം ആലപിക്കുന്ന കാര്യം BJP കൗൺസലർമാർ പറഞ്ഞിരുന്നില്ലെന്ന് ഡെപ്യൂട്ടി മേയർ ഡോ.ജയശ്രീ പറഞ്ഞു. വിവാദങ്ങൾക്കും പ്രതിപക്ഷ ആരോപണങ്ങൾക്കുമിടെ വന്ദേമാതരം പൂർണമായും ഒഴിവാക്കിയായിരുന്നു സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ.
വന്ദേമാതരം മുഴുവൻ ചൊല്ലാത്തതിൽ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തൃശൂർ തേക്കിൻകാട് ബിജെപി നേതാക്കൾ വന്ദേമാതരം ആലിപിച്ചു .സ്വാതന്ത്ര്യദിനാഘോഷത്തെ യുഡിഎഫ് സർക്കാർ പൂർണ്ണമായി അലങ്കോലപ്പെടുത്തിയെന്ന് ബിജെപി ആരോപിച്ചു. വന്ദേമാതരത്തിന്റെ പേരിൽ ബിജെപി നടത്തിയ പ്രതിഷേധം സ്വതന്ത്ര്യ ദിനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുന്നതാണെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് വിമർശിച്ചിരുന്നു.









