Headlines

നിയമം ലംഘിച്ച് കെഎസ്ഇബിയുടെ ലൈൻ നിർമാണം, വെട്ടിലായി കുടുംബങ്ങൾ; പരാതി

 

പത്തനംതിട്ട∙ മാവേലിക്കര–തിരുവല്ല ഭാഗത്തുകൂടി കടന്നു പോകുന്ന കെഎസ്ഇബിയുടെ പഴയ വൈദ്യുതി ലൈൻ മാറ്റി പുതിയ 110 കെവി വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനായി വ്യാപക നിയമ ലംഘനം നടക്കുന്നതായി പരാതി. തൊണ്ണൂറോളം കുടുംബങ്ങളെ ബാധിക്കുന്ന തരത്തിലാണ് നിർമാണം. ഭൂമിയുടെ ഉടമകളെ അറിയിക്കുകയോ ആവശ്യമായ കരാർ ഉണ്ടാക്കുകയോ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുകയോ ചെയ്യാത്തതിനാൽ ഉടമകൾ വലയുകയാണ്. ചിലർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് നടക്കുന്നതിനിടയിലും കെഎസ്ഇബി നിർമാണ പ്രവർത്തനം നടത്തുന്നതായി ആക്ഷേപമുണ്ട്. ഭൂമിയുടെ ഉടമകൾ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി.പള്ളിവാസലിൽനിന്ന് കൊച്ചിയിലേക്കുള്ള ഗ്രിഡിൽ മാവേലിക്കര–തിരുവല്ല ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളാണ് ജനജീവിതത്തെ ബാധിക്കുന്നത്. 91 സ്ഥലങ്ങളിലെ ടവറുകളാണ് മാറ്റുന്നത്. പള്ളിവാസൽ പദ്ധതിയുടെ നിർമാണം ആരംഭിക്കുന്നത് 1933ലാണ്. പദ്ധതി 1940ൽ കമ്മിഷൻ ചെയ്തു. 1957ൽ കെഎസ്ഇബി രൂപീകൃതമായി. പള്ളി വാസൽ പദ്ധതി ആരംഭിച്ച കാലം മുതൽ മാവേലിക്കര–തിരുവല്ല ഭാഗങ്ങളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ പല തവണ മാറ്റങ്ങൾ വരുത്തി. ഉയർന്ന തോതിൽ വൈദ്യുതി കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങളാണ് മേഖലയിൽ ഇപ്പോൾ നടക്കുന്നത്. 280 കോടിയുടെതാണ് പദ്ധതി.ഭൂമിയുടെ ഉടമകൾ അറിയാതെ, കൃത്യമായ ആശയവിനിമയം നടത്താതെ കെഎസ്ഇബി ഉദ്യോഗസ്ഥർ നടത്തുന്ന നിർമാണങ്ങളാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഉടമ അറിയാതെ വസ്തുവിൽ കടന്നു കയറി വലിയ കുഴികൾ കുഴിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായാണ് പരാതി. ഇതോടെ, പുതിയ വീടുകൾ നിർമിക്കാൻ കഴിയാത്ത അവസ്ഥയാണ്. കെഎസ്ഇബി കരാർ നൽകിയ സ്വകാര്യ കമ്പനിയാണ് നിർമാണം നടത്തുന്നത്. ടെണ്ടർ വിളിച്ചതിന്റെ രേഖകൾ കെഎസ്ഇബിയുടെ സൈറ്റിൽ ലഭ്യമല്ല. വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും മറുപടി ലഭിച്ചിട്ടില്ല. ഗ്രിഡിന്റെ ലൈസൻസും പുതുക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.1885ലെ ടെലഗ്രാഫ് ആക്ട് അനുസരിച്ചായിരുന്നു ഗ്രിഡുകളുടെ പ്രവർത്തനം. പിന്നീട് 2023ൽ ടെലികമ്യൂണിക്കേഷൻ ആക്ട് നിലവിൽവന്നു. 2024ൽ ചട്ടങ്ങൾ‌ രൂപീകരിച്ചു. ഈ നിയമം അനുസരിച്ച് വൈദ്യുതി ലൈനിന്റെ നിർമാണ പ്രവർത്തനം നടത്തുമ്പോൾ ഭൂ ഉടമകളുടെ അനുമതി തേടണം. നിർമാണത്തിനായി കരാർ ഉണ്ടാക്കണം. ഉടമയ്ക്ക് ഭൂമി ഉപയോഗിക്കേണ്ട ആവശ്യമുണ്ടെങ്കിൽ ടവറുകൾ മാറ്റി സ്ഥാപിക്കണം. നിർമാണത്തിനായി മുൻകൂട്ടി നോട്ടിസ് നൽകണം. ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.