സിബിഎസ്ഇ തയ്ക്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പരുക്കേറ്റ മലയാളി വിദ്യാർഥിയുടെ ആരോഗ്യ നിലയിൽ പുരോഗതി. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഫയിസ് അപകടനില തരണം ചെയ്തുവെന്ന് കുടുംബം അറിയിച്ചു. സിബിഎസ്ഇ, മത്സരം നിയന്ത്രിച്ച റഫറി എന്നിവരെ എതിർ കക്ഷികളാക്കി കുടുംബം ഹൈകോടതിയിൽ ഹർജി നൽകും.
ഓഗസ്റ്റ് മൂന്നാം തീയതി മഹാരാഷ്ട്ര ചന്ദ്രപുർ വെച്ചാണ് മത്സരം നടന്നത്. എതിർ മത്സരാർത്ഥി നിയമങ്ങൾ പാലിക്കാതെ മർദിച്ചെന്ന് ഫൈസിന്റെ കുടുംബം പറയുന്നത്. റെഫറി കൃത്യമായി ഇടപെട്ടില്ലെന്നും കുടുംബത്തിന്റെ പരാതി. സംഭവിച്ചത് ഗുരുതര പിഴവാണെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പ്രാഥമിക ചികിത്സയും ശസ്ത്രക്രിയയ്ക്കും ശേഷം വിദഗ്ദ ചികിത്സയ്ക്കായി വിദ്യാർഥിയെ എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഫൈസിന്റെ സ്വകാര്യ ഭാഗത്താണ് ആദ്യം മർദനമേറ്റത്. തുടർന്ന് റിങ്ങിന് പുറത്തേക്ക് നീങ്ങിയ ഫൈസിനെ കിക്ക് ചെയ്ത് വീഴ്ത്തുകയായിരുന്നു. ഫൈസ് ഉടൻ തന്നെ ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നു. റിങ്ങിന് പുറത്തേക്ക് പോയി കഴിഞ്ഞാൽ മത്സരം തുടരാൻ കഴിയില്ല. എന്നാൽ പുറത്തേക്ക് പോയ ഫൈസിനെ തലയ്ക്ക് കിക്ക് ചെയ്യുകയായിരുന്നു. കുട്ടിയുടെ തലച്ചോറിന് പരുക്കേറ്റ ഫൈസിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.









