Headlines

പാക്കിസ്ഥാന്റെ ‘ആൾമാറാട്ടം’ വീണ്ടും കൈയോടെ പൊക്കി റവന്യൂ ഇന്റലിജൻസ്, പിടിച്ചത് കോടികളുടെ 13 കണ്ടെയ്നർ

 

ഇന്ത്യയിലേക്ക് ‘ആൾമാറാട്ടം’ നടത്തി കടന്നുകയറാനുള്ള പാക്കിസ്ഥാന്റെ നീക്കം കൈയോടെ വീണ്ടും ‘പൊക്കി’ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ). പഹൽഗ്രാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും ഇന്ത്യ അവസാനിപ്പിച്ചിരുന്നു. സാധാരണ ഏറ്റവും കൂടുതൽ വ്യാപാരം നടക്കാറുള്ള പഞ്ചാബിലെ അട്ടാരി അതിർത്തി അടച്ച ഇന്ത്യ, മൂന്നാംകക്ഷി വഴിയുള്ള വ്യാപാരവും വിലക്കി.

 

എന്നാൽ, യുഎഇയുടേതെന്ന വ്യാജേന ഇന്ത്യയിലേക്ക് ഉണക്ക മുന്തിരി കടത്താനുള്ള പാക്കിസ്ഥാന്റെ ശ്രമമാണ് റവന്യൂ ഇന്റലിജൻസ് തകർത്തത്. ഗുജറാത്തിലെ കാണ്ട്‍ല തുറമുഖത്ത് 3 കോടിയിലേറെ രൂപ മതിക്കുന്ന 13 കണ്ടെയ്നർ ഉണക്ക മുന്തിരികൾ ഡിആർഐ പിടിച്ചു.യുഎഇ അല്ലെങ്കിൽ ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് ഉൽപന്നങ്ങൾ കടത്താൻ പാക്കിസ്ഥാൻ നിരന്തരം ശ്രമിക്കുന്നുണ്ട്. മറ്റൊരു രാജ്യത്തിന്റെ ലേബലൊട്ടിച്ചാണ് തിരിമറി നീക്കം. എന്നാൽ, ഇതു പിടികൂടാൻ ഇന്ത്യയ്ക്ക് കഴിയുന്നുമുണ്ട്. കഴിഞ്ഞയാഴ്ച 1.4 കോടി രൂപ മതിക്കുന്ന ഗുഗ്ഗുൽ റെസിൻ (സന്ധിവേദന, വാതം തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരുതരം ഔഷധച്ചെടിയുടെ കറ) തൂത്തുക്കുടി തുറമുഖത്തുവച്ചും പിടിച്ചെടുത്തിരുന്നു. സൊമാലിയയുടേത് എന്ന വ്യാജേന എത്തിച്ചതായിരുന്നു ഇതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

 

കള്ളക്കടത്ത് പിടികൂടുന്ന ഏജൻസിയാണ് ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിആർഐ. 2019ലെ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ തന്നെ ഇന്ത്യ പാക്കിസ്ഥാനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചിരുന്നു. പാക്കിസ്ഥാന് നൽകിയിരുന്ന ഏറ്റവും അടുത്ത വ്യാപാരപങ്കാളി (മോസ്റ്റ് ഫേവേഡ് നേഷൻ സ്റ്റാറ്റസ്) എന്ന സ്ഥാനവും എടുത്തുകളഞ്ഞു.അതിനുമുൻപ് 2018-19ൽ ഇന്ത്യ-പാക്കിസ്ഥാൻ വ്യാപാരബന്ധം 242 കോടി ഡോളറിന്റേതായിരുന്നു. 2022-23 ആയപ്പോഴേക്കും അത് വെറും 65 കോടി ഡോളറായി ചുരുങ്ങി. 2024-25ൽ പക്ഷേ 119 കോടി ഡോളറായി ഉയർന്നു. കഴിഞ്ഞവർഷം 26 കോടി ഡോളറിലേക്ക് കൂപ്പുകുത്തി.

 

നേരത്തേ ഇന്ത്യ പാക്കിസ്ഥാനിൽ നിന്ന് ഡ്രൈ ഫ്രൂട്ട്സ്, സിമന്റ്, ഗ്ലാസ്, ജിപ്സം, കല്ലുപ്പ്, ഔഷധസസ്യങ്ങൾ തുടങ്ങിയവ ഇറക്കുമതി ചെയ്തിരുന്നു. പച്ചക്കറി, മുളക്, സോയാബീൻ, കാലിത്തീറ്റ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവയായിരുന്നു ഇന്ത്യ കയറ്റുമതി ചെയ്തിരുന്നത്.ഇന്ത്യയുടെ ആഗോള കയറ്റുമതി വരുമാനം നിലവിൽ 43,000 കോടി ഡോളറിലധികമാണ്. പാക്കിസ്ഥാന്റേത് 10,000 കോടി ഡോളറോളം മാത്രം. അതുകൊണ്ടുതന്നെ പാക്കിസ്ഥാനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചാലും ഇന്ത്യയ്ക്ക് വലിയ പ്രതിസന്ധിയല്ല. യുഎഇയുമായി ഇന്ത്യയ്ക്ക് 10,000 കോടി ഡോളറിലേറെ മതിക്കുന്ന ഉഭയകക്ഷി വ്യാപാരമുണ്ട്. ഇന്ത്യയും യുഎഇയും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാറുമുണ്ട്.