കണ്ണീരൊഴുകിയ കാൽനൂറ്റാണ്ട്; ഓർമയിലെ അനുജത്തി സരസുവിനെ തേടിയെത്തി

 

കൊട്ടാരക്കര∙ 24 വർഷങ്ങൾക്കുമുൻപ്, അമ്മയില്ലാത്ത ഇരട്ടക്കുഞ്ഞുങ്ങളുമായി ജീവിതത്തോടു പൊരുതിയ 5 വയസ്സുകാരി അന്ന് ഒരു കുഞ്ഞോർമ കൂടി ചേർത്തുപിടിച്ചിരുന്നു. തനിക്കൊരു അനിയത്തി കൂടിയുണ്ടായിരുന്നെന്ന കണ്ണീരോർമ. ഇന്നലെ, വർഷങ്ങൾക്കിപ്പുറം അവളെത്തേടി ആ അനിയത്തിയെത്തി; സരസുവിന്റെ കുഞ്ഞനിയത്തി ശരണ്യ. കണ്ണീരൊഴുകിയ കാൽനൂറ്റാണ്ടിനിപ്പുറം അവർ തമ്മിൽക്കണ്ടു.സഹോദരങ്ങളെ ചേർത്തുപിടിച്ചു തലയിലൊരു ബക്കറ്റുമായി നടന്നുപോയ സരസുവിന്റെ ചിത്രം 2002 ൽ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചതോടെയാണു ആ നീറുന്ന ജീവിതം ലോകമറിഞ്ഞത്. അമ്മ നഷ്ടപ്പെട്ടzcശേഷം പിതാവിനൊപ്പം തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ നിന്നു കണ്ണൂരിലെ ആലക്കോട്ടെത്തിയതായിരുന്നു കുരുന്നുകൾ. അമിത മദ്യപാനിയായിരുന്ന അച്ഛൻ അതിനും മുൻപ് ഇളയ മകൾ ശരണ്യയെ ആർക്കോ വിറ്റിരുന്നു. അവളെക്കുറിച്ചുള്ള ഓർമ സരസുവിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ.കടത്തിണ്ണയിൽ കഴിഞ്ഞുവന്ന സരസുവിന്റെ ജീവിതം വാർത്തയായതോടെ അവളെയും രണ്ടര വയസ്സുള്ള സഹോദരൻമാരെയും കൊട്ടാരക്കര ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസും ഭാര്യ മിനി ജോസും ഏറ്റെടുത്തു. മൂവർക്കും വിദ്യാഭ്യാസം നൽകി. സരസു സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടി. കണ്ണൂർ സ്വദേശിയും സിവിൽ എൻജിനീയറുമായ നിഥിനെ വിവാഹം കഴിച്ചു. സഹോദരന്മാർ ഐടിഐ വിദ്യാഭ്യാസത്തിനുശേഷം ജോലി ചെയ്യുകയാണ്.ഇതിനിടെ, ഹൈദരാബാദിൽ ഭർത്താവ് രഘുറാമിനും മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്ന ശരണ്യയോടു രക്ഷിതാക്കൾ കുടുംബത്തെക്കുറിച്ചു സൂചിപ്പിച്ചു. അവരെ കാണണമെന്ന ആഗ്രഹം ശരണ്യ രഘുറാമുമായി പങ്കുവച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അവൾ സഹോദരങ്ങളെവിടെയെന്നു കണ്ടെത്തി. വൈകാതെ , കുടുംബത്തോടൊപ്പം ആശ്രയ സങ്കേതത്തിലെത്തി. സരസുവിനെയും സഹോദരങ്ങളായ സുരേഷിനെയും ഉമേഷിനെയും കണ്ടു; കണ്ണീർ തോരുംവരെ കരഞ്ഞു. ഇനിയവർക്കു നിറചിരിയുടെ ഓണക്കാലം.zx