മാനന്തവാടി ∙ വയോധികയായ മാതാവിനെ മദ്യലഹരിയിൽ ക്രൂരമായി മർദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ ദിനേശൻ(50) ആണ് അറസ്റ്റിലായത്. ഈ മാസം ഒന്നിന് വൈകിട്ട് മൂന്നു മണിയ്ക്കായിരുന്നു സംഭവം. ശുചിമുറിയിൽ നിന്ന് കിടപ്പുമുറിയിലേക്ക് വരികയായിരുന്ന മാതാവ് സരോജിനിയെ(80) തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും കട്ടിലിലേക്ക് തള്ളിയിട്ട് കൈകൾ തിരിച്ചുപിടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു എന്നാണ് കേസ്.ഇത്ര പ്രായമായിട്ടും മരിക്കാത്തതെന്താണെന്ന് ചോദിച്ചുകൊണ്ട് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കഴുത്തിൽ അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതായും ‘‘വിഷം തന്നാൽ കുടിക്കുമോ’’ എന്നു ചോദിച്ച് ഭീഷണപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മകന്റെ ആക്രമണത്തിനു പിന്നാലെ മണ്ണെണ്ണ കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച സരോജിനിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വയോധിക നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാനന്തവാടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. വധശ്രമം, ക്രൂരമായ മർദനം, ക്രമസമാധാന ലംഘനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. മാനന്തവാടി ഇൻസ്പെക്ടർ റഫീഖ്, എസ്ഐമാരായ കെ.കെ.സോബിൻ, അർജുൻ, സുനിൽകുമാർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്തത്.







