ന്യൂഡൽഹി ∙ ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ മോശം പ്രകടനത്തിൽ എൻഡിഎ ഘടകകക്ഷികളിലും അതൃപ്തി. ബാങ്കിപുരിലെ ദയനീയ പരാജയത്തിനു പിന്നാലെ ജെഡിയു നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ നിതിഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ്, രാജ്യസഭാംഗവും ജെഡിയു ദേശീയ വർക്കിങ് പ്രസിഡന്റുമായ സഞ്ജയ് കുമാർ ഝാ എന്നിവരും ഒപ്പമുണ്ടായിരുന്നു. ജെഡിയുവിൽ നിന്ന് മുഖ്യമന്ത്രിപദം ബിജെപി ഏറ്റെടുത്ത ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ബാങ്കിപുരിലേത്.തോൽവി അപ്രതീക്ഷിതമായിരുന്നുവെന്ന് ജെഡിയു നേതാവും ബിഹാർ മന്ത്രിയുമായ ശ്രാവൺ കുമാർ പറഞ്ഞു. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റിയതിൽ ജനങ്ങൾ രോഷാകുലരാണെന്നും തോൽവിക്ക് കാരണം ഇതാണെന്നുമായിരുന്നു ജെഡിയു എംഎൽഎയായ അനന്ത് സിങ് പറഞ്ഞത്. തോൽവിയെക്കുറിച്ച് പഠിക്കുമെന്നും താഴേത്തട്ടിലുള്ള പ്രവർത്തകരുമായി ആലോചിച്ച് തിരുത്തൽ നടപടികളെടുക്കുമെന്നും മുതിർന്ന ജെഡിയു നേതാവ് ശ്യാം രജക് പറഞ്ഞു.തോൽവിയിൽ നിന്നു പാഠം പഠിക്കുമെന്നുമായിരുന്നു ബിജെപി ബിഹാർ സംസ്ഥാന പ്രസിഡന്റ് സഞ്ജയ് സരോഗിയുടെ പ്രതികരണം. തോൽവിയിൽ ആശങ്കവേണ്ടെന്നും താഴേത്തട്ടിൽ പ്രവർത്തനം ശക്തമാക്കണമെന്നുമായിരുന്നു പ്രവർത്തകരോടുള്ള മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ അഭ്യർഥന. ഗൗരവത്തോടെ ആത്മപരിശോധന നടത്തുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പറഞ്ഞു.








