ആറ് വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ റിസ്വാൻ ഹനീഫ് വെളിപ്പെടുത്തുന്നത്. പാകിസ്താനിലെ പ്രധാന നഗരങ്ങളായ പെഷവാർ, കറാച്ചി, റാവൽപിണ്ടി എന്നിവടങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവൽക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്കർ ഭീകരർ തുടർച്ചയായി ലക്ഷ്യമിടപ്പെട്ടത്. ഇത്തരം കൊലപാതകങ്ങളിലൂടെ തങ്ങളുടെ ആളുകൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വിഡിയോയിൽ പറയുന്നു
കൊല്ലപ്പെട്ടവരിൽ 2006-ലെ ആർഎസ്എസ് ആസ്ഥാനം ആക്രമിച്ച കേസിലെ പ്രതി അബു സൈഫുള്ള എന്ന റസാവുള്ള നിസാമാനിയും ഉൾപ്പെടുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലെന്ന് ഹനീഫ് ആരോപിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഈ ആരോപണങ്ങളെ നിഷേധിച്ച് രംഗത്തെത്തി.
അതേസമയം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഈ വീഡിയോയുടെ ആധികാരികത പരിശോധിക്കുകയും ഇത് ഇന്ത്യ തേടുന്ന ലഷ്കർ ഭീകരൻ റിസ്വാൻ ഹനീഫ് തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ലഷ്കർ നേതാവ് റിസ്വാൻ ഹനീഫ് നടത്തിയ ഈ വെളിപ്പെടുത്തൽ അടങ്ങിയ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.








