റെഡ് അലേര്‍ട്ട് നല്‍കാന്‍ വൈകിയെന്ന ആക്ഷേപത്തില്‍ വിശദീകരണവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മഴ മുന്നറിയിപ്പ് നല്‍കുന്നത് ഒട്ടനവധി ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണെന്നും ദുരന്ത നിവാരണ അതോരിറ്റി സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസിന്റെ വിശദീകരണം. വെള്ളിയാഴ്ച വീണ്ടും ശക്തമായ മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പ്. (Disaster Management Authority says No lapse in issuing rain warnings)
കാലവര്‍ഷത്തിനായി അലേര്‍ട്ടുകളെ മാത്രം ആശ്രയിച്ചുകൊണ്ടല്ല തയ്യാറെടുക്കേണ്ടതെന്ന് ഡോ. ശേഖര്‍ കുര്യാക്കോസ് വിശദീകരിച്ചു. മഴ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ല. ആദ്യം ഓറഞ്ച് അലേര്‍ട്ട് നല്‍കുന്നതും പിന്നീട് അതില്‍ മാറ്റം വരുത്തുന്നതുമെല്ലാം സ്വാഭാവികമാണ്. മൂന്ന് മണിക്കൂറുകള്‍ അടുപ്പിച്ച് മുന്നറിയിപ്പുകള്‍ മാറാറുണ്ട്. റഡാറിലെ ഡാറ്റ മാറുന്നതിന് അനുസരിച്ചാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ഇപ്പോള്‍ പെയ്യുന്ന മഴയുടെ തീവ്രത കുറയുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് ഏതെല്ലാം സ്ഥലങ്ങളാണ് എന്നത് ഇപ്പോള്‍ ഏറ്റവും കൃത്യമായി പ്രവചിക്കുന്നതിന് പരിമിതികളുണ്ട്. വെള്ളിയാഴ്ചയോട് അടുപ്പിച്ചാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









