ടെക് ലോകത്ത് വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിലപ്പോഴൊക്കെ തലവേദനയായേക്കാമെന്ന് വിദഗ്ദർ ഭയപ്പെടുന്നതിന്റെ പുതിയ ഉദാഹരണമാണ് ഗൂഗിൾ എർത്തിൽ അടുത്തിടെ സംഭവിച്ചത്. ലോകത്തിലെ ഏത് സ്ഥലത്തിന്റെയും തൽസമയ ഉപഗ്രഹ ചിത്രങ്ങൾക്ക് മുകളിൽ എഐ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന ഫീച്ചറാണ് സുരക്ഷാ ഭീഷണിയെ തുടർന്ന് ഗൂഗിൾ താൽക്കാലികമായി പിൻവലിച്ചത്.ഗൂഗിളിന്റെ അത്യാധുനിക എഐ മോഡലായ ‘നാനോ ബനാന 2’ (Nano Banana 2) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഫീച്ചർ അവതരിപ്പിച്ച് തൊട്ടടുത്ത ദിവസം തന്നെ റദ്ദാക്കേണ്ടി വന്നു എന്നത് സാങ്കേതിക രംഗത്ത് വൻ ചർച്ചയായിരിക്കുകയാണ്.എന്തായിരുന്നു ഈ ഫീച്ചർ?
സാധാരണ ടെക്സ്റ്റ് പ്രോംപ്റ്റുകൾ നൽകി ഗൂഗിൾ എർത്തിലെ യഥാർത്ഥ ഉപഗ്രഹ ചിത്രങ്ങൾ, എയറിയൽ ദൃശ്യങ്ങൾ, 3D മാപ്പുകൾ എന്നിവയിൽ മാറ്റം വരുത്താൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുമായിരുന്നു.
ഒരു പ്രദേശത്തിന്റെ ഭാവി വികസന പദ്ധതികൾ രൂപകൽപ്പന ചെയ്യുക,ചരിത്രപരമായ മാറ്റങ്ങൾ ദൃശ്യവത്കരിക്കുക,റിയൽ എസ്റ്റേറ്റ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുക
എന്നീ നല്ല ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഗൂഗിൾ ഇത് കൊണ്ടുവന്നതെങ്കിലും, കാര്യങ്ങൾ കൈവിട്ടു പോകുന്നതാണ് ടെക് ലോകം കണ്ടത്.ആശങ്കയായി വ്യാജ ചിത്രങ്ങൾ
ലോകപ്രശസ്തമായ പ്രദേശങ്ങളിലും പൈതൃക കേന്ദ്രങ്ങളിലും ദുരന്തങ്ങളോ ആക്രമണങ്ങളോ നടന്ന രീതിയിലുള്ള വ്യാജ ദൃശ്യങ്ങൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ഇത് വഴിതുറക്കുമെന്ന് സുരക്ഷാ വിദഗ്ധരും മാധ്യമങ്ങളും ചൂണ്ടിക്കാട്ടി. ‘ഗൂഗിൾ എർത്ത്’ നൽകുന്ന ചിത്രങ്ങൾക്ക് പൊതുജനത്തിനിടയിലുള്ള വലിയ വിശ്വസനീയത തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ദുരുപയോഗം ചെയ്യപ്പെടുമെന്ന ഭയം ശക്തമായി.’ലോകത്തിന്റെ യഥാർത്ഥ കാഴ്ചകൾക്കായി ആളുകൾ ഗൂഗിൾ എർത്തിനെയാണ് വിശ്വസിക്കുന്നത് എന്ന കാര്യം ഞങ്ങൾക്കറിയാം. ഈ ഫീച്ചർ പലരും നല്ല രീതിയിൽ ഉപയോഗിച്ചെങ്കിലും, ഞങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ രീതിയിൽ സ്ക്രീൻഷോട്ടുകൾ പങ്കുവെക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കൂടുതൽ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നത് വരെ ഈ ഫീച്ചർ പിൻവലിക്കുകയാണ്’ – ഗൂഗിൾ വ്യക്തമാക്കി.
എഐ നിർമ്മിത ചിത്രങ്ങൾ കണ്ടെത്താൻ ഗൂഗിൾ നിലവിൽ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ ഇവയാണ്:
സിന്ത് ഐഡി (SynthID): എഐ നിർമ്മിക്കുന്ന ചിത്രങ്ങളിൽ കണ്ണുകൾക്ക് കാണാൻ സാധിക്കാത്ത ഡിജിറ്റൽ വാട്ടർമാർക്ക് ഉൾപ്പെടുത്തുന്നു.
പരിശോധന: ഒരു ചിത്രം എഐ നിർമ്മിതമാണോ എന്നറിയാൻ ഉപയോക്താക്കൾക്ക് ഗൂഗിൾ ലെൻസ് (Google Lens) വഴിയോ ജെമിനി ആപ്പ് (Gemini App) വഴിയോ പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്.
മാത്രമല്ല, ഉപയോക്താക്കൾ നിർമ്മിക്കുന്ന ഇത്തരം വ്യാജ ദൃശ്യങ്ങൾ ഗൂഗിൾ എർത്തിന്റെ പ്രധാന മാപ്പിൽ മറ്റ് ഉപയോക്താക്കൾക്ക് നേരിട്ട് കാണാൻ സാധിക്കില്ലായിരുന്നുവെന്നും ഗൂഗിൾ വ്യക്തമാക്കുന്നു.
ഡിജിറ്റൽ ലോകത്തെ പുതിയ വെല്ലുവിളി
നിർമ്മിത ബുദ്ധി ഉൽപ്പന്നങ്ങളിൽ വേഗത്തിൽ സംയോജിപ്പിക്കുമ്പോൾ കമ്പനികൾ നേരിടുന്ന വെല്ലുവിളികളുടെ വ്യക്തമായ ഉദാഹരണമാണിത്. അടുത്തിടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ നിന്ന് ചിത്രങ്ങൾ നിർമ്മിക്കാൻ സഹായിച്ച ‘മ്യൂസ് ഇമേജ്’ (Muse Image) എന്ന എഐ ഫീച്ചർ സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടി ‘മെറ്റ’യും താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
കൃത്യമായ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഇല്ലാതെ എഐ ടൂളുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത് വലിയ വ്യാജപ്രചാരണങ്ങൾക്കും കാരണമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.









