സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിലേക്കായി എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ( kerala rains red alert in 8 districts )
സംസ്ഥാനത്ത് എല്ലാ ജില്ലകള്‍ക്കും നിലവില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി നല്‍കിയിരിക്കുന്നത്.സംസ്ഥാനത്ത് മലയോര മേഖലയില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സഹകരണ യൂണിയന് നടത്തുന്ന ഇന്നത്തെ എച്ചഡിസി പരീക്ഷകള്‍ മാറ്റി വെച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി.എസ്.എസി. പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുലര്‍ച്ചെ 3.30 ഇറങ്ങേണ്ട സലാലയില്‍ നിന്നുള്ള സലാം എയര്‍ കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയിലേക്ക് വഴി തിരിച്ച് വിട്ടു. മലങ്കര, നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തും.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പുകള്‍ ഇങ്ങനെ:
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിര്‍ദേശങ്ങള്‍
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.









