സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടുക്കി കുടയൂര്‍മലയിലും കോട്ടയം തീക്കോയിയിലും പത്തനംതിട്ട നെല്ലിക്കാപാറയിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം തീക്കോയിയില്‍ നിരവധി വീടുകള്‍ വെള്ളം കയറി. വാഹനങ്ങള്‍ ഒലിച്ചുപോയി. ഈരാറ്റുപേട്ടയും പാലായും വെള്ളത്തിലാണ്. ( kerala rains heavy rain in kottayam, idukki and pathanamthitta)
ഇടുക്കി കോലാഹലമേട്ടിലും ഏലപ്പാറയിലും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു. രണ്ടിടങ്ങളിലുമായി രണ്ട് പേര് കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു. തലനാരിഴയ്ക്കാണ് പൊലീസുകാര്‍ രക്ഷപ്പെട്ടത്. കൊക്കയാര്‍ ചപ്പാത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലും കോട്ടയത്തും വയനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. വണ്ടിപ്പെരിയാറ്റില്‍ തോട് കരകവിഞ്ഞു. കെ കെ റോഡ് വെള്ളത്തിലായി. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇടത്തരം ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.









