Headlines

പൊലീസിന്റെ നീക്കം മണത്തറിഞ്ഞു, കുഴിച്ചിട്ട മൊബൈൽ ഫോൺ നിർണായക തുമ്പായി; അന്വേഷണ മികവിൽ വീണ്ടും കേരള പൊലീസ്

 

കോഴിക്കോട് ∙ മൂന്നു കോടി രൂപ നൽകിയാൽ മന്ത്രി പദവി നൽകാമെന്ന് പറഞ്ഞ് വിദ്യ ബാലകൃഷ്ണൻ എംഎൽഎയെ വിളിച്ചവരെ പണം നൽകാമെന്നു പറഞ്ഞ് ഇവിടെ എത്തിക്കാനുള്ള ശ്രമം പാളിയത് തലനാരിഴയ്ക്ക്. പണം നൽകാമെന്ന് അറിയിച്ചു പ്രതികളെ കോഴിക്കോട്ട് എത്തിച്ചു പിടികൂടാൻ പൊലീസ് തന്ത്രം മെനഞ്ഞിരുന്നു. പ്രതിയെ പിടികൂടാൻ ജൂലൈ 6 മുതൽ 12 വരെ പൊലീസ് ഒരുക്കിയ ‘ഓപ്പറേഷനിൽ’ നിന്നു പ്രതികൾ പൊലീസിന്റെ നീക്കം അറിഞ്ഞതോടെ തെളിവുകൾ നശിപ്പിച്ചു. എന്നാൽ, മറ്റു വഴിയിലൂടെ പൊലീസ് പ്രതികളിലേക്ക് എത്തി അന്വേഷണ മികവ് ഒരിക്കൽ കൂടി തെളിയിച്ചു.കഴിഞ്ഞ 6ന് പ്രതി ഗൗരവ് ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ട വിവരം എംഎൽഎ സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിയെ അറിയിക്കുകയായിരുന്നു. പൊലീസ് സൈബർ വിഭാഗവും സിറ്റി പൊലീസ് കമ്മിഷണറും എംഎൽഎയുമായി ആലോചിച്ച് തന്ത്രം മെനയുകയായിരുന്നു. ‘പണം’ കോഴിക്കോട് എത്തിയാൽ നൽകാമെന്ന് അറിയിച്ചു. തുടർന്ന് പൊലീസ് പ്രതിയുടെ ഫോൺ 5 ദിവസം നിരീക്ഷിക്കുകയും ഇതോടൊപ്പം സ്ഥലം കണ്ടെത്തി ഡൽഹിയിലും അന്വേഷണം നടത്തുകയും ചെയ്തു.തുടർന്ന് 12ന് കേസ് റജിസ്റ്റർ ചെയ്തു പ്രതിയിലേക്ക് എത്താനുള്ള നീക്കം നടത്തുന്നതിനിടയിലാണ് പൊലീസ് നീക്കം അറിഞ്ഞു സ്ഥിരം സൈബർ തട്ടിപ്പുകാരനായ പ്രതി എംഎൽഎയെ ബന്ധപ്പെട്ട ഫോണും സിം കാർഡ് നശിപ്പിച്ചത്. തുടർന്ന് പൊലീസ് 5 അംഗ സംഘം ഡൽഹിയിലെത്തി 4 ദിവസം കൊണ്ടു പ്രതികളിലേക്ക് എത്തി. യഥാർഥ സിം കാർഡ് ഉടമയായ ഡൽഹി സ്വദേശിയായ കൂലിപ്പണിക്കാരന്റെ മോഷണം പോയ മൊബൈൽ ഫോൺ മറ്റൊരിടത്തു നിന്നു പ്രതി ഗൗരവ് വാങ്ങിയാണ് തട്ടിപ്പിനു ശ്രമിച്ചത്. തുടർന്ന് കൂട്ടു പ്രതി നിതിൻ മറ്റൊരു ഫോൺ വാങ്ങി സിം അതിൽ ഉപയോഗിച്ചാണ് എംഎൽഎയെ വിളിച്ചത്. പൊലീസ് നീക്കം മനസ്സിലാക്കിയ പ്രതികൾ ഫോൺ പിന്നീട് ഓഫാക്കി തെളിവുകൾ നശിപ്പിക്കാൻ കുഴിച്ചിട്ടു. ഈ ഫോൺ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തി.