Headlines

അലോഷ്യസിന് ആരുടെ പിന്തുണ ?; ‘പ്ലീഡറിൽ’ തട്ടി ഭിന്നസ്വരം, മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിൽ ഏറ്റുമുട്ടൽ‌

 

തിരുവനന്തപുരം ∙ ഗവ. പ്ലീഡർ നിയമനത്തിന്റെ പേരിൽ മുഖ്യമന്ത്രി വി.ഡി.സതീശനും കെഎസ്‌യുവും തമ്മിലുള്ള ഏറ്റുമുട്ടൽ കോൺഗ്രസിൽ അപസ്വരം സൃഷ്ടിച്ചു. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നടപടി നീണ്ടു പോകുന്നതിന്റെ നീരസവും കെഎസ്‌യു, യൂത്ത് കോൺഗ്രസ് തലങ്ങളിലുണ്ട്. രണ്ടിന്റെയും പേരിലുള്ള പ്രതികരണങ്ങൾ, പക്ഷേ നിഷ്കളങ്കമായി മുഖ്യമന്ത്രി കരുതുന്നില്ല. പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് എന്താണു കാര്യമെന്ന അദ്ദേഹത്തിന്റെ രൂക്ഷപ്രതികരണം ആ പശ്ചാത്തലത്തിലാണ്.പ്ലീഡർമാരിൽ രണ്ടു പേരുടെ നിയമനമാണ് അസ്വസ്ഥത സൃഷ്ടിച്ചത്. ഒരാൾ തിരുവനന്തപുരം ലോ കോളജിൽ പഠിക്കുമ്പോൾ സജീവ എസ്എഫ്ഐ പ്രവർത്തകയായിരുന്നുവെന്ന മുൻ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റുമാരുടെ ആരോപണം പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഏറ്റെടുക്കുകയായിരുന്നു. തൃശൂർ ലോ കോളജ് വിദ്യാർഥിയായിരിക്കെ എബിവിപി പ്രവർത്തകനായിരുന്നു എന്നതാണ് രണ്ടാമത്തെയാൾക്കെതിരെയുള്ള ആക്ഷേപം.ലോയേഴ്സ് കോൺഗ്രസ് നൽകിയ പട്ടികയിൽ ഇടം പിടിച്ചവരാണു രണ്ടു പേരുമെന്ന പ്രതിരോധമാണ് മുഖ്യമന്ത്രി തീർത്തത്. ഒരാളുടെ കാര്യത്തിൽ ഒരു ലോക്സഭാംഗത്തിന്റെ ശുപാർശയും ഉണ്ടായിരുന്നു. പാർട്ടിയുടെ ഭാഗമായി നിൽക്കുന്നവർ നൽ‍കുന്ന ശുപാർശകൾ കൂടി പരിഗണിച്ചു നടത്തുന്ന നിയമനങ്ങളുടെ പേരിലുള്ള പാപഭാരം തന്നിൽ ചുമത്തുന്നതിലുള്ള എതിർപ്പു മാത്രമല്ല, മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണത്തിൽ അടങ്ങിയത്; തന്നോടോ പാർട്ടി നേതൃത്വത്തോടോ നേരിട്ടു പറയാതെ ഫെയ്സ്ബുക്കിൽ ആറു ദിവസം മുൻപ് പരസ്യമായി പ്രതിഷേധിച്ച കെഎസ്‌യു പ്രസിഡന്റിന്റെ നടപടിയിലെ അമർഷം കൂടിയാണ് .എന്നാൽ മുഖ്യമന്ത്രി സംഘടനയെ അവഹേളിച്ചെന്ന അമർഷം കെഎസ്‌യുവിൽ സൃഷ്ടിക്കാൻ ആ പ്രതികരണം കാരണമായി. കോൺഗ്രസിനെ പ്രതിനിധീകരിക്കുന്ന രണ്ടു പേർ കെഎസ്‌യുവിനു പിന്തുണ പ്രഖ്യാപിച്ചും മുഖ്യമന്ത്രിയോടു വിയോജിച്ചും ചാനൽ ചർച്ചകളിൽ രംഗത്തെത്തി. മന്ത്രി ടി.സിദ്ദിഖിന്റെ പ്രതികരണം കെഎസ്‌യുവിനെ പിന്താങ്ങിയാണെന്നും ചാണ്ടി ഉമ്മന്റേതു മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതാണെന്നുമുള്ള വ്യാഖ്യാനമുണ്ടായി.വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിഘടന നിശ്ചയിച്ച ഘട്ടത്തിൽ മന്ത്രി എം.ലിജുവിന്റെ വാക്കുകളിൽ മറനീങ്ങിയ അതൃപ്തിയുടെയും തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ.ശേഷാദ്രിനാഥനെ നിശ്ചയിച്ചതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് ഉയർത്തിയ കലാപക്കൊടിയുടെയും തുടർച്ചയായാണ് കെഎസ്‌യു പ്രസിഡന്റിന്റെ പരസ്യ നീക്കങ്ങളെ മുഖ്യമന്ത്രി കാണുന്നത്. തന്റെ വിയോജിപ്പ് വ്യക്തമാക്കിയ ശേഷവും അലോഷ്യസ് പരസ്യവിമർശനം തുടർന്നതു മറ്റാരുടെയും പിന്തുണ ഇല്ലാതെയാണെന്ന് അദ്ദേഹം കരുതുന്നില്ല. എന്നാൽ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചു നടക്കാതെ വന്ന സാഹചര്യത്തിലാണ് വീണ്ടും പ്രതികരിക്കേണ്ടി വന്നതെന്നാണ് അലോഷ്യസ് ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും തനിക്ക് സമയം അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് കെഎസ്‌യുവിന്റെ വികാരം വ്യക്തമാക്കുന്ന കത്ത് കൈമാറിയതായും അറിയിച്ചു.

 

വിവാദ നിയമനം തങ്ങൾ നൽകിയ പട്ടികയിൽ നിന്നാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം ലോയേഴ്സ് കോൺഗ്രസ് ഇന്നലെ നിഷേധിച്ചത് പ്രശ്നം കൂടുതൽ സങ്കീർണമാക്കി. എന്നാൽ സംഘടന നൽകിയ പട്ടികയിൽ ആ പേരുകൾ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആവർത്തിച്ചു.

 

‘രക്ഷാപ്രവർത്തനം’ കേസ് പുനരന്വേഷിക്കാ‍ൻ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനിച്ചു മുന്നോട്ടുപോകുമ്പോൾ അജിത് കുമാറിനു വേണ്ടിയുള്ള രക്ഷാപ്രവർത്തനമാണു നടക്കുന്നതെന്ന തരത്തിലുളള ചിത്രീകരണം ചിലർ നടത്തുന്നതിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വിയോജിപ്പുണ്ട്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ ചേരിതിരിവും പുതിയ കെപിസിസി പ്രസിഡന്റ് നിയമനം നീണ്ടുപോകുന്നതു സർക്കാർ–പാർട്ടി ഏകോപനത്തിൽ സൃഷ്ടിച്ച വിടവുകളുമെല്ലാം ഈ വിവാദങ്ങൾക്കു വളംവയ്ക്കുകയും ചെയ്യുന്നു