12 ഉയരപ്പാതകൾ, 2 ടണലുകൾ, 5.3 കിലോമീറ്റർ; കഴക്കൂട്ടം – കടമ്പാട്ടുകോണം ദേശീയപാതയ്ക്ക് 959 കോടിയുടെ കരാർ

 

തിരുവനന്തപുരം ∙ ദേശീയപാത 6 വരിയാക്കുന്നതിന്റെ ഭാഗമായി കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള ഭാഗത്ത് 12 ഉയരപ്പാതകളുടെയും 2 കട്ട് ആൻഡ് കവർ ടണലുകളുടെയും ഒരു അടിപ്പാതയുടെയും നിർമാണത്തിനായി ദേശീയപാത അതോറിറ്റി 959.25 കോടി രൂപയുടെ കരാർ ക്ഷണിച്ചു. ടെക്നോപാർക്ക് ഫെയ്സ് 4, പള്ളിപ്പുറം സിആർപിഎഫ് ജംക്‌ഷൻ, ആറ്റിങ്ങൽ മാമം എന്നിവിടങ്ങളിലാണു പുതിയ ഉയരപ്പാതകൾ വരുന്നത്. ആകെ ദൈർഘ്യം 5.34 കിലോമീറ്റർ. മലപ്പുറത്തും കൊല്ലത്തും ദേശീയപാതയിൽ റീട്ടെയ്നിങ് വാളുകൾ നിർമിച്ചു മണ്ണ് നിറച്ചു നടത്തിയ നിർമാണങ്ങളിലെ അപാകത മൂലം അപകടമുണ്ടായതിനെ തുടർന്നാണു ഡിസൈൻ പുനഃപരിശോധിച്ച് ഉയരപ്പാതകളുടെ നീളം കൂട്ടാൻ തീരുമാനിച്ചത്.കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചാണു ഡിസൈനിലെ മാറ്റമെന്നു ദേശീയപാത പ്രോജക്ട് ഡയറക്ടർ ദീപപ്രസാദ് സാഹൂ പറഞ്ഞു. ഒന്നര വർഷമാണു പദ്ധതികൾ പൂർത്തിയാക്കാനുള്ള കാലപരിധി. പുതിയ പദ്ധതികൾ കൂടി നടപ്പാക്കുന്നതോടെ ദേശീയപാത വികസനം മുൻ നിശ്ചയിച്ചത് പോലെ ‍ഡിസംബറിൽ പൂർത്തിയാകാൻ സാധ്യതയില്ല. 11.15 കിലോമീറ്റർ ദൈർഘ്യമുള്ള ആറ്റിങ്ങൽ ബൈപാസിൽ വയലുകളും നദിയും വരുന്ന സ്ഥലത്ത് മണ്ണിന് ഉറപ്പില്ലാത്ത ഭാഗത്താണു തൂണുകളിൽ മേൽപാലം നിർമിക്കുക. ഇവിടെ വാമനപുരം നദി കഴിഞ്ഞുള്ള ഭാഗത്താണു കട്ട് ആൻഡ് കവർ രീതിയിൽ 2 ടണലുകൾ നിർമിക്കുക.ദേശീയപാത കുറുകെ കടക്കാൻ കാൽനട യാത്രക്കാർക്കായി അടിപ്പാത വരുന്നതും ആറ്റിങ്ങൽ ബൈപാസിലാണ്. പള്ളിപ്പുറത്ത് ടെക്നോപാർക്ക് ഫേസ് 4ന് സമീപം കനത്ത മഴയിൽ മുൻപു ദേശീയപാതയിൽ വെള്ളം കയറിയിരുന്നു. കുറക്കോട്,ടെക്നോസിറ്റി മേഖലയിൽ റോഡ് മുഴുവൻ വെള്ളത്തിൽ മുങ്ങിയതോടെ മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് ഇവിടെ ഉയരപ്പാത നിർമിക്കുന്നത്.