ഇസ്‌ലാമാബാദ് ∙ കഴിഞ്ഞദിവസം കാണാതായ പാക്ക് ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.അറേബ്യൻ കടലിൽ തുറമുഖ പട്ടണമായ ഒർമാരയ്ക്ക് അടുത്തായിട്ടാണ് അവശിഷ്ടം കണ്ടെടുത്തത്. കറാച്ചിയിൽ നിന്ന് 360 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. അതേസമയം വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. 12 മണിക്കൂർ നീണ്ട തിരച്ചിലിന് ശേഷമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. അഞ്ച് ക്രൂ അംഗങ്ങളുമായി ഷാർജയില്‍ നിന്നും കറാച്ചിയിലേക്ക് പോകുകയായിരുന്ന പാക്കിസ്ഥാന്റെ ബോയിങ് 737 ചരക്കുവിമാനമാണ് കഴിഞ്ഞദിവസം കാണാതായത്. വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ബന്ധം വേർപെട്ടത്. സ്വകാര്യ കാർഗോ കമ്പനിയായ കെ2 എയർവേയ്‌സിന്റെതാണ് വിമാനം. 27 വർഷം പഴക്കമുണ്ടായിരുന്നു.








