‘അത്തരം കമന്റുകളൊന്നും വേണ്ട’: വനംവകുപ്പിനെ മാറ്റിനിർത്തി നീക്കങ്ങൾ; ദുരന്ത നിവാരണ അതോറിറ്റിയുടെ പഠനനീക്കം അട്ടിമറിച്ച് ഭരണസമിതി

 

കോഴിക്കോട് ∙ തുരങ്കപ്പാത കടന്നു പോകുന്നത് വനഭൂമിയിലൂടെയാണെങ്കിലും പരിസ്ഥിതി അനുമതിക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് വനംവകുപ്പിനെ ഇരുട്ടിൽ നിർത്തി. പദ്ധതിയുടെ തുടക്കത്തിൽ തന്നെയുള്ള ചർച്ചയിൽ വയനാട്ടിലേക്ക് 3 ജില്ലകളിൽനിന്നായി നിലവിൽ 5 റോഡുകളുണ്ടെന്നും വനഭൂമി നശിപ്പിച്ചുകൊണ്ടു മറ്റൊരു പാതയുടെ ആവശ്യമില്ലെന്നുമായിരുന്നു വനം ഉദ്യോഗസ്ഥരുടെ വാദം. ‘അത്തരം കമന്റുകളൊന്നും വേണ്ട’ എന്ന് അവർക്കു കർശന നിർദേശം നൽകിയ സർക്കാർ പരിസ്ഥിതി അനുമതി നേടിയെടുക്കാനുള്ള നടപടി ആരംഭിക്കാൻ നിർദേശിച്ചു.വനഭൂമിക്കോ, വന്യജീവികൾക്കോ പദ്ധതി ദോഷമുണ്ടാക്കുന്നില്ലെന്ന റിപ്പോർട്ടാണു തുടർന്ന് തയാറാക്കിയത്. പദ്ധതി നടപ്പാക്കാൻ ആദ്യം തീരുമാനിച്ചശേഷം അതിനു ചേർന്ന റിപ്പോർട്ട് തട്ടിക്കൂട്ടി ഉണ്ടാക്കുകയായിരുന്നു എന്ന ആരോപണം കള്ളാടി ദുരന്തത്തോടെ ശക്തമായിരിക്കുകയാണ്. പരിസ്ഥിതി ആഘാതം പഠിക്കേണ്ടതും തീരുമാനം എടുക്കേണ്ടതും മറ്റൊരു വകുപ്പാണെന്ന പരാമർശത്തോടെയാണ് വനംവകുപ്പ് റിപ്പോർട്ട് അവസാനിപ്പിച്ചത്.ആനക്കാംപൊയിൽ ഭാഗത്ത് കാട്ടാനകളുടെ സ്ഥിരം സഞ്ചാരപാതയുണ്ടെന്നും അതു തടഞ്ഞ്, മനുഷ്യ വന്യമൃഗ സംഘർഷത്തിനു വഴിവയ്ക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി (സെയ) നിർദേശിച്ചിരുന്നു. ഇതു പ്രകാരം തുരങ്കത്തിന്റെ തുടക്കത്തിൽ മുകൾ ഭാഗത്തായി ‘റ’ ആകൃതിയിൽ 700 മീറ്റർ നീളത്തിലും 4.1 മീറ്റർ ഉയരത്തിലും പ്രത്യേക ആനമതിൽ നിർ‍മിക്കുന്നതു കൂടി പദ്ധതിയിൽ പരിഗണിച്ചിട്ടുണ്ട്.തുരങ്കപ്പാതയുടെ ദുരന്തസാധ്യത പരിശോധിക്കാനുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (കെഎസ്ഡിഎംഎ) നീക്കം അട്ടിമറിച്ചത് അതോറിറ്റിയുടെ ഭരണസമിതി. പദ്ധതിയുടെ ദുരന്ത സാധ്യതകൾ, പരിസ്ഥിതി ആഘാതം, നിവാരണ മാർഗങ്ങൾ എന്നിവ സംബന്ധിച്ചു വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനമാണ് അന്തിമമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കോ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കോ നിയമപരമായി ഒന്നും ചെയ്യാനില്ലെന്നുമാണ് കെഎസ്ഡിഎംഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി 2025 ജൂൺ 3നു തീരുമാനിച്ചത്.

 

തുരങ്കപ്പാതയുടെ നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ, ദുരന്തസാധ്യതാ പരിശോധനയ്ക്കായി വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കു നൽകിയ കത്തിലാണു ഭരണസമിതിയുടെ തീരുമാനം. യോഗത്തിന്റെ മിനിറ്റ്സ് മനോരമയ്ക്കു ലഭിച്ചു. ‘പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് (ഇഐഎ), പരിസ്ഥിതി ആഘാത ലഘൂകരണ പദ്ധതി റിപ്പോർട്ട് (ഇഎംപി) എന്നിവയെ അടിസ്ഥാനമാക്കിയാണു വനം, പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുക്കുന്നത്. ഇതിനു പുറത്തൊരു തീരുമാനമെടുക്കാനോ അനുമതി നൽകാനോ ജില്ലാ, സംസ്ഥാന അതോറിറ്റികൾക്കു നിയമപരമായി ഒരധികാരവുമില്ല. ഈ അപേക്ഷ സ്വീകരിക്കാൻ പോലും പാടില്ലായിരുന്നു’– മിനിറ്റ്സിൽ പറയുന്നു.കൊങ്കൺ റെയിൽവേയുടെ കത്തിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പദ്ധതി പ്രദേശത്തു പ്രാഥമിക പരിശോധന നടത്തുകയും 2024 ഒക്ടോബർ 16നു കെഎസ്ഡിഎംഎയുടെ സാങ്കേതിക സഹായം തേടുകയും ചെയ്തതിനു ശേഷമാണ് ഭരണസമിതിയുടെ അട്ടിമറി നടന്നത്.