Headlines

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്

 

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട സാഹചര്യം വിശദീകരിച്ചു ഇടത് സര്‍ക്കാര്‍ നടത്തിയ ഫയല്‍ നീക്കത്തിന്റെ കുറിപ്പാണ് പുറത്തുവന്നത്.

 

 

സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തി കുറച്ചുകൊണ്ടുവരുന്നതിന് മദ്യവര്‍ജനത്തിലൂന്നിയ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. മദ്യ നിരോധനം പ്രായോഗികമായി വിജയകരമായി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് അനുഭവങ്ങളിലൂടെ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് മദ്യവര്‍ജ്ജനം എന്ന ആശയം തിരഞ്ഞെടുത്തതെന്ന് കുറിപ്പില്‍ വിശദീകരിക്കുന്നു.സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ ഉദയഭാനു കമ്മീഷന്‍, വീര്യം കൂടിയ മദ്യം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ട്, വീര്യം കുറഞ്ഞ മദ്യ ഉപയോഗത്തിലേയ്ക്ക് ജനങ്ങളെ കൊണ്ടുവരണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാനത്ത് നിലവില്‍ വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വീര്യം 42.86% v/v ആണ്. ഇതോടൊപ്പം തന്നെ 20% v/v വരെ വീര്യമുളള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുന്നതാണെന്ന് സര്‍ക്കാര്‍ കരുതുന്നു. 2022-23ലെ മദ്യനയത്തില്‍, 20% v/v വരെയുള്ള വീര്യം കുറഞ്ഞ മദ്യം വിപണനം നടത്തുന്നതിന് അനുമതി നല്‍കുന്നതിന് തീരുമാനം എടുത്തിരുന്നു. അതിന്റെ ഭാഗമായി 0.5% v/v മുതല്‍ 20% v/v വരെ വീര്യമുളള മദ്യം വില്‍പ്പന നടത്തുന്നതിന് അനുമതി നല്‍കുന്നതിനായി വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് ചട്ടം തയ്യാറാക്കിയിരുന്നു. പ്രസ്തുത കരട് ചട്ടം നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നു – കുറിപ്പില്‍ പറയുന്നു.