സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കോൺഗ്രസ് നേതാവ് കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. തെളിവ് നൽകാൻ കെ സുധാകരൻ തുടർച്ചയായി നേരിട്ട് ഹാജരാകാതിരുന്നതോടെയാണ്, ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി കേസ് തള്ളിയത്. മോൻസൺ മാവുങ്കലിന് എതിരെ പോക്സോ കേസുമായി ബന്ധപ്പെടുത്തിയുള്ള പരാമർശത്തിന് എതിരെയാണ് കെ സുധാകരൻ മാനനഷ്ടക്കേസ് കൊടുത്തത്. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സുധാകരന്റെ അഭിഭാഷകൻ അറിയിച്ചു.
മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടായിരുന്നുവെന്ന വാർത്തകളുണ്ടെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെ സുധാകരനെന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. പീഡിപ്പിക്കപ്പെടുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നാണ് അതിജീവിതയുടെ മൊഴിയെന്നുമാണ് എം വി ഗോവിന്ദൻ പറഞ്ഞത്.







