തിരുവനന്തപുരം ∙ പിണറായി വിജയൻ സർക്കാരിന്റെ കാലത്തു മാനദണ്ഡങ്ങൾക്കു വിരുദ്ധമായി, ബോഡിബിൽഡർ താരം ഷിനു ചൊവ്വയ്ക്കു പൊലീസിൽ എസ്ഐയായി നിയമനം നൽകിയ നടപടി സർക്കാർ റദ്ദാക്കും. ഇതിനു മുന്നോടിയായി ഷിനു ചൊവ്വയുടെ എസ്ഐ പരിശീലനം നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. കഴിഞ്ഞ സർക്കാർ ഭരണമൊഴിയും മുൻപ് സർവീസിൽ പ്രവേശിപ്പിച്ച് ഇപ്പോൾ പരിശീലനം നടക്കവേയാണു നടപടി.ശരീരസൗന്ദര്യ മത്സരവിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി പിണറായി സർക്കാർ നിയമനം നൽകിയത് വിവാദമായിരുന്നു. ഇരുവരുടെയും പാർട്ടി ബന്ധം കണക്കിലെടുത്താണ് നിയമനം എന്നായിരുന്നു ആരോപണം. പിഎസ്‌സി വഴിയുള്ള നിയമനങ്ങൾ അട്ടിമറിച്ച് ഇരുവർക്കും നിയമനം നൽകാൻ പിണറായി സർക്കാർ ശ്രമിച്ചെങ്കിലും ശാരീരികക്ഷമതാ പരീക്ഷയിൽ ഇരുവരും പരാജയപ്പെട്ടിരുന്നു. വഴിവിട്ടുള്ള നിയമനത്തിനു കൂട്ടുനിൽക്കാൻ കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ അടക്കം നിലപാടെടുത്തെങ്കിലും അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള കർശന നിർദേശം വന്നതോടെ ഇവരും വഴങ്ങി.പിന്നാലെ, കായികക്ഷമത പരീക്ഷയിൽ തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്ഐ ആയി നിയമിച്ചുകൊണ്ട് ഡിജിപി റാവാഡ എ.ചന്ദ്രശേഖർ ഉത്തരവിറക്കുകയായിരുന്നു. ഒരുവർഷത്തെ പരിശീലനത്തിനുശേഷം എസ്ഐ ആയി നിയമനം നൽകാനായിരുന്നു ഉത്തരവ്. പ്രത്യേക സാഹചര്യത്തിൽ നിയമനം നൽകാമെന്നും ബോഡി ബിൽഡർമാർക്ക് ഓട്ടമത്സരം നിർബന്ധമില്ലെന്നുമാണ് എഡിജിപി എസ്.ശ്രീജിത്ത് അന്നു വിശദീകരിച്ചത്.








